KeralaNEWS

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലേക്ക് ക്ഷണിച്ചാലും പോകില്ല; ഹമാസിനെയും കോണ്‍ഗ്രസിനെയും തള്ളി സിറോ മലബാര്‍ സഭ

കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കാതെ സിറോ മലബാര്‍ സഭ. കോഴിക്കോട് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് താമരശേരി രൂപത അറിയിച്ചു. മതമേലധ്യക്ഷന്‍മാരെ ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് ക്ഷണിച്ചാലും പോകില്ലെന്ന ശക്തമായ നിലപാട് അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസ് നടത്തുന്നത് മതഭീകരവാദ പ്രവര്‍ത്തനമാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിറോ മലബാര്‍ സഭ. ഹമാസിനെ വെളളപൂശാനാണ് കേരളത്തില്‍ ശ്രമം നടക്കുന്നതെന്ന് സഭ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഭീകരവാദത്തെ തള്ളി പറയണം. ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഐക്യദാര്‍ഢ്യം അംഗീകരിക്കാനാകില്ല. കേരളത്തില്‍ അപ്രിയ സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുന്ന ഭീകരവാദമുഖം ശക്തമാകുന്നുവെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തി.

Signature-ad

മുസ്ലിം ലീഗ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയതിന് പിന്നാലെ സമസ്തയും പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. സിപിഎഎമ്മും ഇതിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ റാലി നാളെ കോഴിക്കോട് നടക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കോഴിക്കോട് തന്നെ കോണ്‍ഗ്രസും റാലി സംഘടിപ്പിച്ചിരിക്കുന്നത്.

മുസ്ലിം ലീഗിന്റെ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഹമാസിനെ തള്ളിപ്പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു. മാത്രമല്ല, സിപിഎമ്മിന്റെ റാലിയില്‍ പങ്കെടുക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ താത്പര്യം പ്രകടിപ്പിച്ചതും രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്.

Back to top button
error: