KeralaNEWS

നഷ്ടപ്പെട്ട 50,000 രൂപ വഴിയാത്രക്കാരന്‍ കൈക്കലാക്കി; ഒടുവില്‍ കള്ളനെ കയ്യോടെ പിടികൂടി

മലപ്പുറം: ചങ്ങരംകുളം ടൗണില്‍ നഷ്ടപ്പെട്ട 50,000 രൂപ വഴിയാത്രക്കാരന്‍ കൈക്കലാക്കി സിസിടിവി നിരീക്ഷിച്ച് പണം കൈക്കലാക്കിയ ആളെ കണ്ടെത്തി ഉടമക്ക് തിരിച്ച് നല്‍കി ചങ്ങരംകുളത്തെ പൊലീസുകാരന്‍. വ്യാഴാഴ്ച രാവിലെ മണിയോടെയാണ് ചങ്ങരംകുളം ടൗണില്‍ വെച്ച് എറവക്കാട് സ്വദേശിയായ മുഹമ്മദ് ഹനീഫ ഫൈനാന്‍സില്‍ അടക്കാനായി കൊണ്ട് വന്ന അമ്പതിനായിരം രൂപ നഷ്ടപ്പെട്ടത്.

വാഹനം നിര്‍ത്തിയ സ്ഥലം മുതല്‍ ഫൈനാന്‍സ് വരെ തിരച്ചില്‍ നടത്തിയെങ്കിലും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഹനീഫ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസുകാരനായ സുജിത്ത് എത്തി പണം നഷ്ടപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വഴി യാത്രക്കാരനായ ആള്‍ പണം കൈക്കലാക്കുന്നത് കണ്ടെത്തിയത്.

Signature-ad

തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങളിലെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസുകാരന്‍ മൂക്കുതല ബേബിപ്പടി സ്വദേശിയാണ് പണം കൈക്കലാക്കി കടന്ന് കളഞ്ഞതെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ചങ്ങരംകുളത്തെ കച്ചവടക്കാരില്‍ നിന്ന് തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇയാളുടെ വീട്ടിലെത്തി മുഹമ്മദ് ഹനീഫയുടെ നഷ്ടപ്പെട്ട പണം കണ്ടെത്തുകയായിരുന്നു. പരാതി ഒന്നും ഇല്ല എന്നറിയിച്ചതോടെ സ്റ്റേഷനില്‍ തന്നെ സിപിഒ സുജിത്ത് നഷ്ടപ്പെട്ട പണം ഹനീഫക്ക് കൈമാറി.

ചങ്ങരംകുളം പൊലീസിന്റെ അവസരോചിതമായ ഇടപെടലും പൊലീസുകാരനായ സുജിത്തിന്റെ കൃത്യമായ അന്വേഷണ മികവും കൊണ്ട് മാത്രമാണ് മണിക്കൂറുകള്‍ക്കം നഷ്‌പ്പെട്ട പണം തിരിച്ച് ലഭിച്ചതെന്നും പൊലീസിന്റെ നടപടക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും മുഹമ്മദ് ഹനീഫ പറഞ്ഞു.

 

Back to top button
error: