CrimeNEWS

തീര്‍ഥാടക വേഷത്തില്‍ കഞ്ചാവ് കടത്ത്; എക്‌സൈസ് പരിശോധനയില്‍ യുവാവ് അറസ്റ്റില്‍

വയനാട്: ശബരിമല തീര്‍ഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. ഇരിട്ടി കൊട്ടിയൂര്‍ നെല്ലിയോടി മൈലപ്പള്ളി വീട്ടില്‍ ടൈറ്റസി (41) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. കര്‍ണാടകത്തിലെ ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെക്പോസ്റ്റുകളില്‍ പോലീസിന്റെയും എക്സൈസിന്റെയും പരിശോധനയില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇയാള്‍ ശബരിമല തീര്‍ഥാടക വേഷത്തില്‍ കഞ്ചാവ് വാങ്ങാന്‍ കര്‍ണാടകത്തിലേക്ക് പോയതെന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തിലേക്കുള്ള ചെക്പോസ്റ്റുകള്‍ ഇയാള്‍ കടന്നെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ മാനന്തവാടി ടൗണില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് കൈവശമുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്.

Signature-ad

ശബരിമല തീര്‍ഥാടക വേഷം ധരിച്ചതിനാല്‍ തന്നെ യുവാവിനോട് വിശദമായി തന്നെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഇതോടെയാണ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ മാത്രമാണ് ഇയാള്‍ അയ്യപ്പഭക്തന്‍മാര്‍ ധരിക്കുന്ന തരത്തിലുള്ള വേഷത്തിലേക്ക് മാറിയതെന്ന് മനസിലായി.

എക്സൈസ് – പോലീസ് പരിശോധനകള്‍ക്കിടയിലും വ്യാപകമായ രീതിയിലാണ് വയനാട് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി മാഫിയ സംഘങ്ങള്‍ മയക്കുമരുന്ന് കടത്തുന്നത്. കാരിയര്‍മാരായ യുവാക്കളെ അറസ്റ്റ് ചെയ്താല്‍ പുതിയ യുവാക്കളെയാണ് കടത്തിനായി ലഹരിസംഘം ഉപയോഗിക്കുന്നത്. എംഡിഎംഎയും കഞ്ചാവുമാണ് ഏറ്റവും കൂടുതല്‍ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് എത്തുന്നത്. നിരോധിത പാന്‍മസാലയും ജില്ല വഴി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് കടത്തുന്നുണ്ട്.

പാന്‍മസാല ഏറെയും പച്ചക്കറി അടക്കമുള്ളവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ കടത്തുന്നതായാണ് പരിശോധനകളില്‍ കണ്ടെത്തിയിരുന്നത്. ചരക്കുവാഹനങ്ങള്‍ കൃത്യമായ രീതിയില്‍ പരിശോധിക്കാനുള്ള സംവിധാനം ചെക്പോസ്റ്റുകളില്‍ ഇല്ലാത്തത് കടത്തുകാര്‍ക്ക് സഹായകരമാണ്.

Back to top button
error: