കണ്ണൂര്‍: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പിന്മാറി. കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായിട്ടായിരുന്നു അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നത്. യു.ഡി.എഫ്. ഘടകക്ഷിയായ സി.എം.പി. സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കില്ല. ദുബായില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിട്ടുനില്‍ക്കുന്നത്.
ഒരേസമയം തങ്ങളും സി.പി.എമ്മും സംഘടിപ്പിക്കുന്ന ഇരുപരിപാടികളിലും പങ്കെടുക്കാം എന്ന് കുഞ്ഞാലിക്കുട്ടി സമ്മതമറിയിച്ചതില്‍ സി.എം.പി. എതിര്‍പ്പ് അറിയിച്ചിരുന്നു. ദുബായില്‍ സി.എച്ച്. അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചിരിക്കുന്നത്. സി.പി.എമ്മുമായി ലീഗ് അടുക്കുന്നുവെന്ന് പ്രചാരണം നടക്കുന്നതിനിടയിലായിരുന്നു സി.പി.എം. അനുകൂല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാനൊരുങ്ങിയത്. പാണക്കാട്ടെത്തി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും വി.ഡി. സതീശനും ഇരുപാര്‍ട്ടികള്‍ക്കിടയിലെ ആശയക്കുഴപ്പം നീക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റം.
അതേസമയം, എം.വി.ആര്‍. അനുസ്മരണവും സെമിനാറും മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം. നേതാക്കളായ പാട്യം രാജന്‍, എം.വി. ജയരാജന്‍, എം.കെ. കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കാര്യമായ പദവികളൊന്നുമില്ല. യു.ഡി.എഫില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ മാത്രം ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എം.വി. രാഘവനുമായി അടുപ്പമുള്ളതിനാലാണെന്നായിരുന്നു സംഘാടകരുടെ മറുപടി. ഏറ്റവും അടുപ്പമുണ്ടായിരുന്ന കെ. സുധാകരനെ ക്ഷണിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. വ്യാഴാഴ്ച രാവിലെ ചേംബര്‍ഹാളിലാണ് പരിപാടി.