ഗാസാ സിറ്റിയില്‍ ഇസ്രേലി ബോംബിംഗില്‍ ഒരു പലസ്തീൻ മാധ്യമപ്രവര്‍ത്തകനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹസിരയാണു കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകൻ. ഇദ്ദേഹം ജോലി ചെയ്യുന്ന വാര്‍ത്താ ഏജൻസി വാഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒക്ടോബര്‍ ഏഴിനു ശേഷം ഗാസയില്‍ ഇതുവരെ 10,328 പേരാണ് കൊല്ലപ്പെട്ടത്.യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഗാസയുടെ സന്പൂര്‍ണ സുരക്ഷാ ചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേലിനായിരിക്കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാത്തിടത്തോളം വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കൻ ഗാസയില്‍ ഹമാസിന്റെ ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം ഇസ്രേലി സേന പിടിച്ചെടുത്തു.ഇവിടെ നിന്നും 1,493 ഹാൻഡ് ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും, 760 ആര്‍പിജികളും, 427 സ്ഫോടക വലയങ്ങളും, 375 തോക്കുകളും, 106 റോക്കറ്റുകളും മിസൈലുകളും സേന പിടിച്ചെടുത്തു.ഹമാസ് ഭീകരരില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ വിവരങ്ങള്‍ ഇസ്രായേലി പ്രതിരോധ സേന പുറത്തുവിട്ടു. ഹമാസ് ഭീകരര്‍ ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഇസ്രായേല്‍ സൈന്യം എക്സ് വഴിയാണ് പുറത്തുവിട്ടത്.
ഹമാസിന്റെ തുരങ്കശൃംഖല ഇസ്രേലി സേനയുടെ എൻജിനിയറിംഗ് വിഭാഗം തകര്‍ത്തുവരികയാണ്. ഹമാസിന്റെ നിരവധി ലോക്കറ്റ് ലോഞ്ചറുകളും ഇസ്രേലി സേന കണ്ടെത്തി നശിപ്പിച്ചു.