കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗ വികസന സ്‌കോളര്‍ഷിപ്പില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറത്ത്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണു വെട്ടിനിരത്തിയത്. പിന്നാക്ക വികസന വകുപ്പിന്റെ പദ്ധതി ആയതിനാലാണു പുറത്താക്കിയതെന്നാണ് വിശദീകരണം.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കെടാവിളക്ക്’ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്നാണു ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് ബദല്‍ എന്ന പേരില്‍ സംസ്ഥാനം കൊണ്ടുവന്ന സ്‌കോളര്‍ഷിപ്പ് ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണു ലഭിക്കുന്നത്. ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതിന് പകരമായാണ് കേരള സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
പ്രീ മെട്രിക് സ്‌കോളര്‍ഷിപ് ഒന്‍പത്,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കായി കെടാവിളക്ക് പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതിയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ലെന്നാണു പുതിയ ഉത്തരവില്‍ പ്രത്യേകം പറയുന്നത്. പ്രതിവര്‍ഷം 1,000 രൂപയായിരുന്നു കേന്ദ്ര പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്.
ന്യൂനപക്ഷങ്ങളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെടാവിളക്കില്‍ സ്‌കോളര്‍ഷിപ്പ് തുക 1,500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷമായും ഉയര്‍ത്തി. പിന്നാക്ക വികസന വകുപ്പ് തയാറാക്കിയ പദ്ധതിയായതിനാലാണു ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗ പട്ടികയില്‍ മുസ്ലിംകളും ഏതാനും ക്രിസ്ത്യന്‍ വിഭാഗങ്ങളും ഉള്‍പെട്ടിട്ടുണ്ട്. അവരെയും പുതിയ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്.