തിരുവനന്തപുരം: കേരളീയം മേളയിലെ ഫോക്‌ലോര്‍ ലിവിങ് മ്യൂസിയത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. മ്യൂസിയത്തിന്റെ പേരില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗോത്ര കലകള്‍ പരിചയപ്പെടുത്തല്‍ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും വിശദീകരണം.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം സാമൂഹ്യ പ്രവര്‍ത്തകരടക്കം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി. എന്നാല്‍, തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികള്‍ പ്രതികരിച്ചു.
ഇതിനിടെ, ലിവിങ് മ്യൂസിയത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ആദിവാസി ഗോത്ര മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെയാണു നടപടി.