മലപ്പുറം: സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചതിനു പിന്നാലെ പാണക്കാട് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ സതീശന്‍ എത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സതീശനെ സ്വീകരിച്ചു. നേതാക്കളുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു.
പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവികമായ കാര്യമാണെന്ന് ചര്‍ച്ചയ്ക്കു ശേഷം സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. സൗഹൃദ സന്ദര്‍ശനമാണിത്. നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനു തന്നെയാണ് വന്നത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധം കൂടുതല്‍ ദൃഢമായി. കോണ്‍ഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവര്‍ തീര്‍ക്കും. രണ്ടും വ്യത്യസ്ത പാര്‍ട്ടികളാണ്. ഏതു പാര്‍ട്ടിയായാലും അവര്‍ക്ക് പ്രശ്‌നമുണ്ടായാല്‍ പാര്‍ട്ടി നേതൃത്വം അതു പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കണ്‍വന്‍ഷന് മലപ്പുറത്ത് എത്തിയതാണ് സതീശന്‍. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ലീഗ് അറിയിച്ചതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ആണ്. കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത് വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യുഡിഎഫിനെയും ബാധിക്കുമോയെന്ന ആശങ്കയ്ക്കിടയിലുമാണ് ഈ ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ ലീഗിന്റെ സ്ഥാനാര്‍ഥികളെ ബാധിക്കാവുന്ന വിഷയം ആയതിനാല്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗിന് ആഗ്രഹം ഉണ്ട്. ഈ പശ്ചാത്തലത്തില്‍ ആണ് സന്ദര്‍ശനം.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ മറുപടി പാര്‍ട്ടിയുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. തീരുമാനം വരുന്നതു വരെ പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശമുണ്ട്.