ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വൈറലായതില്‍ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതു പാലിക്കുന്നില്ലെങ്കില്‍ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഐടി നിയമങ്ങള്‍ പ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ബാധ്യതകള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചു.
ബ്രിട്ടീഷ് ഇന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയാണ് രശ്മിക മന്ദാനയുടേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ സ്ത്രീയുടെ മുഖം രശ്മികയോട് സാമ്യമുള്ള തരത്തില്‍ മോര്‍ഫ് ചെയ്ത് എഡിറ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ വൈറലായതോടെ ഇതു വ്യാജമാണെന്ന് സൂചിപ്പിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
യഥാര്‍ഥ വീഡിയോയിലെ ബ്രീട്ടിഷ്-ഇന്ത്യന്‍ വനിതയായ സാറ പട്ടേലിന് സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുണ്ട്. ഒക്ടോബര്‍ 9നാണ് സാറ, രശ്മികയുടേതായി എഡിറ്റ് ചെയ്ത വീഡിയോ അപ്ലോഡ് ചെയ്തത്. ഒറ്റനോട്ടത്തില്‍ എഡിറ്റിങ് നടന്നതായി കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, സ്ത്രീ ലിഫ്റ്റില്‍ പ്രവേശിക്കുന്ന അതേസമയത്തു തന്നെ മുഖം രശ്മികയുടേതായി മാറുന്നത് കാണാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് മുഖവും ശബ്ദവും വ്യാജമായി നിര്‍മിക്കുന്ന ഫോട്ടോകളോ വീഡിയോകളോ ആണ് ഡീപ്‌ഫേക്കുകള്‍.