LocalNEWS

ചിരിയുടെ തമ്പുരാൻ പത്മന്റെ മൂന്നാം ചരമ വാർഷിക അനുസ്മരണം സ്മൃതിപത്മം 2023 ഇന്ന്

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകനും മനോരമ ആഴ്ചപതിപ്പിന്റെ മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായരുടെ (പത്മൻ) മൂന്നാം ചരമവാർഷിക ആചരണം ‘സ്മൃതിപത്മം’ ഇന്ന് രാവിലെ 10ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോ​ഗം ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന സ്പോർട്സ് ജേർണലിസ്റ്റ് സനൽ പി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി റോബിൻ പി. തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അം​ഗം ഷാലു മാത്യു, സമ‍ൃതിപത്മം 2023 കോ-ഓർഡിനേറ്റർ അഡ്വ. ജി. ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.

ഹാസ്യ സമ്രാട്ടും മനോരമ ആഴ്ചപ്പതിപ്പിന്റെ സ്ഥാപക പത്രാധിപരുമായ ഇ.വി. കൃഷ്ണപിള്ളയുടെ മകനും വിഖ്യാത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ ചെറുമകനുമായ പത്മൻ, അടൂർ ഭാസിയുടെയും ബോളിവുഡിലെ പ്രഥമ മലയാളി സാന്നിധ്യം ചന്ദ്രാജിയുടെയും സഹോദരനാണ്. രാജ്യത്ത് ആദ്യമായി കുട്ടികളുടെ നാടകവേദിക്കു രൂപം കൊടുത്ത പത്മന്റെ പത്രപ്രവർത്തന ജീവിതം തുടങ്ങിയത് മലയാള മനോരമയിലൂടെയാണ്.

Signature-ad

ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗത്തിന്റെ ചുമതല വഹിച്ച അദ്ദേഹം കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷത്തോളം അടിക്കുറിപ്പെഴുതി. മൂർച്ചയുള്ള നർമത്തെ സാമൂഹിക, സാംസ്കാരിക ഇടപെടലുകൾക്കുള്ള ആയുധമാക്കിയ പത്മന്റെ ‘പ്രഹ്ലാദൻ സംസാരിക്കുന്നു’ എന്ന ചോദ്യോത്തര പംക്തി പിൽക്കാലത്ത് കേരള സാക്ഷരതാ മിഷൻ പുസ്തകമാക്കി. പത്രത്തിൽനിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം എന്റെ ഭാസിയണ്ണൻ, ഭാസിയെക്കുറിച്ചുള്ള നാടകാന്തം ഭാസ്യം, ഭാസുരം ഹാസ്യം, കുട്ടികളുടെ നാടകങ്ങളായ കുഞ്ഞലകൾ, കുഞ്ഞാടുകൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.

Back to top button
error: