CrimeNEWS

ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊലപാതകം; മുന്‍ഡ്രൈവര്‍ കസ്റ്റഡിയില്‍, ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് ഒരാഴ്ച മുന്‍പ്

ബംഗളൂരു: കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രതിമ (45) യുടെ കൊലപാതകത്തില്‍ മുന്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒരാഴ്ച മുന്‍പ് പിരിച്ചുവിട്ട ഡ്രൈവര്‍ കിരണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസ് നല്‍കുന്ന സൂചനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കാര്‍ഡ്രൈവറായിരുന്ന കിരണുമായി പ്രതിമയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. ഇതേത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പകരം പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.

Signature-ad

കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിലെ സൂചന. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നില്‍ മുന്‍ഡ്രൈവറാണെന്ന വിവരം ലഭിച്ചത്. അതേസമയം, ഇതേക്കുറിച്ച് പോലീസ് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിമയെ ഫോണില്‍വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന സഹോദരന്‍ അന്വേഷിച്ചുചെന്നപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചും കഴുത്തറുത്തുമാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.

കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ അഞ്ചുവര്‍ഷത്തോളമായി അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. 12 വയസ്സുള്ള ഒരുമകനുണ്ട്.

വിധാന്‍സൗധയ്ക്ക് സമീപത്തെ വി.വി. ടവറിലാണ് പ്രതിമയുടെ ഓഫീസ്. ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടില്‍ തിരിച്ചെത്തിയെന്നും രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. തറയില്‍ കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. പ്രാഥമികാന്വേഷണത്തില്‍ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.

Back to top button
error: