‘രാജ്യമാകെ കേരളത്തിലേക്ക്, കേരളമാകെ തലസ്ഥാനത്തേക്ക്’; 100 മീറ്റർ ദൂരം നടക്കാൻ 5 മിനുട്ടിലധികം സമയം; കേരളീയത്തിലെ തിരക്കിനെക്കുറിച്ച് പി. രാജീവിന്റെ കുറിപ്പ്
തിരുവനന്തപുരം: കേരളീയം 2023ല് അനുഭവപ്പെടുന്ന തിരക്കിനെ കുറിച്ച് കുറിപ്പുമായി മന്ത്രി പി രാജീവ്. വളരെ അടുത്തായിരുന്നിട്ടും വാഹനം കനകക്കുന്നിലേക്ക് എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തു. കനകക്കുന്നിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 100 മീറ്റർ ദൂരം നടക്കാൻ 5 മിനുട്ടിലധികം സമയം വേണ്ടിവന്നു.
‘രാജ്യമാകെ കേരളത്തിലേക്ക്, കേരളമാകെ തലസ്ഥാനത്തേക്ക്’ എന്നെഴുതിയ പരസ്യ ബാനർ റോഡരികിൽ കണ്ടുകൊണ്ടാണ് കനകക്കുന്നിലേക്ക് പോയത്. പരസ്യവാചകം അക്ഷരാർത്ഥത്തിൽ സത്യം തന്നെ. അത്രയും ആൾക്കാരാണ്. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പ്രായഭേദമന്യെ ജനങ്ങൾ ഒഴുകിയെത്തുകയാണെന്നും രാജീവ് ഫേസ്ബുക്കില് കുറിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
“രാജ്യമാകെ കേരളത്തിലേക്ക്, കേരളമാകെ തലസ്ഥാനത്തേക്ക്” എന്നെഴുതിയ പരസ്യബാനർ റോഡരികിൽ കണ്ടുകൊണ്ടാണ് ഇന്നലെ കനകക്കുന്നിലേക്ക് പോയത്. വളരെ അടുത്തായിരുന്നിട്ടും ഞങ്ങളുടെ വാഹനം കനകക്കുന്നിലേക്ക് എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തു. കനകക്കുന്നിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 100 മീറ്റർ ദൂരം നടക്കാൻ 5 മിനുട്ടിലധികം സമയം വേണ്ടിവന്നു. പരസ്യവാചകം അക്ഷരാർത്ഥത്തിൽ സത്യം തന്നെ. അത്രയും ആൾക്കാരാണ്. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പ്രായഭേദമന്യെ ജനങ്ങൾ ഒഴുകിയെത്തി. മേക്കർ വില്ലേജിൽ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകൾ കാണാൻ അൽപ്പസമയം ചിലവഴിച്ചു. കേരളം ആധുനിക വ്യവസായമേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ ചിത്രമാണ് ഈ സ്റ്റാളുകൾ. കുടുംബശ്രീ കഫേയിൽ പോയി വനസുന്ദരി കഴിക്കണമെന്ന ആഗ്രഹത്തോടെയാണ് കനകക്കുന്നിലേക്ക് വന്നത്. പക്ഷേ ഒരു മണിക്കൂർ കാത്തുനിന്നാലും തീരാത്ത വരിയുണ്ടായതിനാൽ വനസുന്ദരിക്കായി മറ്റൊരു ദിവസം വരാമെന്നുവച്ച് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോയി.
സെൻട്രൽ സ്റ്റേഡിയത്തിലാണ് പരമ്പരാഗത വ്യവസായങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. അതിനടുത്തുതന്നെയാണ് തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളുടെയും സ്റ്റാളുകൾ. കേരളത്തിലെ ഫൈവ് സ്റ്റാർ റസ്റ്ററൻ്റുകളുടെ സ്റ്റാളുകൾ കൂടി സന്ദർശിക്കാൻ പോയപ്പോൾ അവിടെയും വലിയ തിരക്ക്. എന്തുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളും റസ്റ്ററൻ്റുകളുമുള്ള സംസ്ഥാനം കേരളമായത് എന്നതിനുള്ള ഉത്തരം കൂടിയായിരുന്നു ആ കാഴ്ച. ഒരുപക്ഷേ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ട്രേഡ് ഫെയർ കൂടിയായിരിക്കും ഈ കേരളീയം. ആദ്യത്തെ കേരളീയം ഇത്ര മനോഹരമെങ്കിൽ ഇനി വരാൻ പോകുന്ന കേരളീയങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ.