ടെല്‍ അവീവ്: ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഗാസ സിറ്റിയെ ഇസ്രയേല്‍ സൈന്യം വളഞ്ഞെന്നും വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ക്കു സഹായം ലക്ഷ്യമിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കും ഇറാഖും സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഡാനിയല്‍ ഹഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുള്ളില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ രണ്ട് അഭയാര്‍ഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരുക്കുണ്ട്. മഗസി അഭയാര്‍ഥി ക്യാംപിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊലപ്പെടുകയും 34 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.സെന്‍ട്രല്‍ ഗാസയിലെ ബുരേജി അഭയാര്‍ഥി ക്യാംപിനു സമീപമുള്ള വീടിനു നേരെയും ആക്രമണമുണ്ടായി. 13 പേരോളം കൊല്ലപ്പെട്ടതായി അല്‍ അക്‌സ ആശുപത്രി സ്റ്റാഫ് പറഞ്ഞു. യുദ്ധം തുടങ്ങി ഒരുമാസം ആകുമ്പോള്‍ 9,700 ല്‍ അധികം പലസ്തീന്‍കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നും ഇതില്‍ 4,000 പേര്‍ കുട്ടികളാണെന്നുമാണു പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുദ്ധത്തിനിടെ മേഖലയില്‍ രണ്ടാമത്തെ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കിലെ റമല്ലയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച ഒരു മണിക്കൂറിനകം അവസാനിച്ചു. ചര്‍ച്ചയ്ക്കു ശേഷം പതിവുള്ള സംയുക്തപ്രസ്താവന ഉണ്ടായില്ല. ഗാസയിലേതു വംശഹത്യയാണെന്നും വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്നും മഹമൂദ് അബ്ബാസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവര്‍ത്തിച്ചു.