ഷൊര്‍ണൂര്‍-നിലമ്പൂര്‍ തീവണ്ടിപ്പാത വൈദ്യുതീകരിക്കുമ്പോള്‍ നഷ്ടമാകുന്നത് പച്ചപ്പിന്റെ മനോഹാരിതയും ഗുല്‍മോഹറിന്റെ അരുണിമയും.മേലാറ്റൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചുവപ്പു പരവതാനി പോലെ കൊഴിഞ്ഞുകിടക്കുന്ന ഗുല്മോഹറുകളുടെ ആ സുന്ദരകാഴ്ച ഇനിയുണ്ടാകില്ല…….
കൃഷ്ണഗുഡിയിലെ പ്രണയകാലം പറഞ്ഞും ഓര്‍മിപ്പിച്ചും ഒട്ടേറെ ട്രെയിനുകള്‍ കടന്നുപോയ വഴിയാണിത്. അതിലിരുന്ന് സ്വപ്നസഞ്ചാരം നടത്തിയ മനസ്സുകളില്‍ പുലര്നിലാച്ചില് ലയില്‍ കുളിരിടും മഞ്ഞിന്റെ പൂവിതള്‍തുള്ളികള്‍ പെയ്തിട്ടുണ്ട്. ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്ന് കാതിലാരോ സ്വകാര്യം പറഞ്ഞിട്ടുണ്ട്…അങ്ങനെയൊരാള്‍ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം കേട്ടിട്ടുണ്ട്. അപ്പോഴെല്ലാം അണിനിലാത്തിരിയിട്ട മണിവിളക്കായി മനം അഴകോടെ മിന്നിത്തുടിച്ചിട്ടുമുണ്ട്…
ഒരുകാലത്ത് കാല്പനികതയുടെ ലോകത്തേക്ക് യാത്രക്കാരനെ ചൂളംവിളിച്ചുകൊണ്ടുപോയ ആ പാത പതുക്കെ മാറുകയാണ്. ട്രെയിനുകള്‍ ഇനിയും ഇതുവഴി കടന്നുപോകും. പക്ഷേ, ആ കാഴ്ചകളൊരുക്കാൻ അനുഭൂതി പകരാന്‍ ഗുല്‍മോഹറിന്റെ അരുണിമയോ പ്രകൃതിയുടെ പച്ചപ്പോ ഇനിയിവിടെ ഉണ്ടാകില്ല…….
മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് ട്രാക്ഷന്‍ സബ് സ്റ്റേഷന് നിര്‍മിക്കുന്നത്. ചോലക്കുളത്തുള്ള 110 കെ.വി. സബ് സ്റ്റേഷനില്‍നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുക.പാളങ്ങള്ക്കിരുവശത് തുമുള്ള മരങ്ങള്‍ എണ്‍പത് ശതമാനവും മുറിച്ചുനീക്കും. അയ്യായിരത്തോളം മരങ്ങളാണ് പൂര്‍ണമായോ വലിയ ശാഖകള്‍ മാത്രമായോ മുറിച്ചുനീക്കുക.