തൃശ്ശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുഖപത്രം ‘കത്തോലിക്കാസഭ’യുടെ ലേഖനത്തില്‍ പറയുന്നു. മണിപ്പുരിലും യു.പിയിലും കാര്യങ്ങള്‍ നോക്കാന്‍ ‘ആണുങ്ങള്‍’ ഉണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കും മുഖപത്രത്തില്‍ രൂക്ഷവിമര്‍ശനം. കരുവന്നൂര്‍ പദയാത്രയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
മണിപ്പുര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും. മണിപ്പുര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാര്‍ട്ടി കേന്ദ്രനേതൃത്വത്തോടോ ചോദിക്കാന്‍ ഇവര്‍ക്ക് ആണത്തമുണ്ടായിരുന്നോ എന്ന് ജനങ്ങള്‍ ചോദിക്കുന്നതായി മുഖപത്രം പറയുന്നു.
മണിപ്പുര്‍ കലാപം ജനാധിപത്യബോധമുള്ളവര്‍ക്ക് അത്രവേഗം മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍ വിഷയം മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനങ്ങള്‍ ജാഗരൂകരാണെന്നും പത്രം മുന്നറിയിപ്പ് നല്‍കുന്നു.
പ്രസ്താവനയ്ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധധര്‍ണ നടത്തി. ബി.ജെ.പിയുടെ അപ്രഖ്യാപിത സ്ഥാനാര്‍ഥിയുടെ പ്രസ്താവന തങ്ങള്‍ക്കു ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് മറ്റ് പാര്‍ട്ടികള്‍. സ്വന്തം പാര്‍ട്ടിക്ക് തൃശ്ശൂരില്‍ പറ്റിയ ‘ആണുങ്ങള്‍’ ഇല്ലാത്തതുകൊണ്ടാണോ ഇദ്ദേഹം ജില്ലയില്‍ ആണാകാന്‍ വരുന്നതെന്ന ചോദ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ നേരത്തെ കൗതുകമുയര്‍ത്തിയിട്ടുണ്ടെന്നും മുഖപത്രം വിലയിരുത്തുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പുരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞാലും തിരിച്ചറിയാനുള്ള വിവേകം ജനങ്ങള്‍ കാണിക്കാറുണ്ടെന്നും കത്തോലിക്കാസഭ വിമര്‍ശിക്കുന്നു.