കോഴിക്കോട്: കുന്ദമംഗലം കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘര്‍ഷമുണ്ടാക്കിയ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പര്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കപ്പെട്ടതാണ് ഫലപ്രഖ്യാപനം മാറ്റാന്‍ കാരണമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
കോളജില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. രണ്ടു പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഈ സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്നാണ് കോളജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.