IndiaNEWS

ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടി; ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ചത്തു

ബംഗളൂരു: കുറച്ച് ദിവസങ്ങളായി ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടി. മയക്കുവെടിയേറ്റ പുലിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ചത്തു. കുഡ്ലുഗേറ്റിന് സമീപത്തെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പുലിയെ വനംവകുപ്പ് പിടികൂടിയത്.

മയക്കുവെടി വച്ച ശേഷം പുലി മുന്നോട്ട് പോയി വെറ്റിനറി സര്‍ജനെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ മയക്കുവെടി പുലിയ്ക്ക് നേരെ വയ്ക്കുകയായിരുന്നു. മയങ്ങി വീണ പുലിയെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴേയ്ക്കും ചത്തിരുന്നു. പുലിയെ പിടികൂടി ബന്നേര്‍ഘട്ട പാര്‍ക്കില്‍ വിടാനായിരുന്നു പദ്ധതി.

Signature-ad

പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി നാലുദിവസത്തിന് ശേഷമാണ് വനംവകുപ്പ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പുലി ഫ്‌ലാറ്റിലൂടെ നടന്നുപോകുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് ബൊമ്മനഹള്ളി, സിംഗ്സാന്ദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ തെക്കന്‍ ബംഗളൂരുവിലെ പ്രധാന റസിഡന്‍ഷ്യല്‍ മേഖലയായ കുഡ്ലു ഗേറ്റിലെ ഐ ടി പാര്‍ക്കിന് മുന്നിലെ റോഡിലാണ് പുലിയെ ആദ്യം കണ്ടത്. രാത്രി പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് റോഡില്‍ പുലി നടക്കുന്നത് ശ്രദ്ധിച്ചത്. അതിന് പിന്നാലെ ഈ പ്രദേശങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും നിര്‍ദ്ദേശിച്ചിരുന്നു.

 

Back to top button
error: