കാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എത്തുന്നവര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കും നെഞ്ച് പിടയുന്നു. മെഡിക്കല്‍ കോളേജ് എന്ന പേരില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ചതും നിര്‍മ്മാണം പകുതിയില്‍ നിര്‍ത്തിവെച്ചിട്ടുള്ളതുമായ കെട്ടിടങ്ങള്‍, കൊറോണ കാലത്ത് എത്തിച്ച ബെഡുകള്‍ അടക്കമുള്ള മറ്റു വസ്തുക്കള്‍ അടക്കം നശിച്ചു പോകുന്നത്, ഇതൊക്കെ പൊതുജനങ്ങള്‍ക്ക് വേദനയോടെ അല്ലാതെ കണ്ടുനില്‍ക്കാന്‍ കഴിയില്ല.
ഒ.പി. മാത്രമാണ് ഇപ്പോള്‍ മൂന്നുമണിവരെ പ്രവര്‍ത്തിക്കുന്നത്. കൃത്യമായ ഡോക്ടര്‍മാര്‍ പോലും ഇല്ല. ഒരുപാട് രോഗികള്‍ കൃത്യമായ ബസ് പോലുമില്ലാത്ത ഇവിടെ വാടക വാഹനങ്ങളില്‍ അടക്കം കഷ്ടപ്പെട്ട് ഇവിടെ എത്തിക്കഴിഞ്ഞാല്‍ നിരാശ മാത്രമാണ് ഫലം. മെഡിക്കല്‍ കോളേജ് എന്ന പേരു ഉള്ളതുകൊണ്ട് പല അപകട കേസുകളും രാത്രികാലങ്ങളില്‍ പോലും ഇവിടെയെത്തി ദയനീയമായി നിരാശയത്തോടെ കിലോമീറ്റളോളം ദൂരത്തുള്ള മറ്റു പ്രൈവറ്റ് ആശുപത്രിയിലേക്ക് മടങ്ങുന്ന ദഹനീയമായ അവസ്ഥയാണ്.
പ്രഖ്യാപനം നടത്തി പത്തുവര്‍ഷമായിട്ടും മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ അധ്യയനം ആരംഭിച്ചിട്ടും കാസര്‍കോട്ട് കിടത്തി ചികിത്സ പോലും തുടങ്ങിയിട്ടില്ല. 2012 മാര്‍ച്ച് 24നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രഖ്യാപനം. തൊട്ടടുത്തവര്‍ഷം നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടത്തിനു തറക്കല്ലിട്ടു. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ആദ്യ ബാച്ച് തുടങ്ങുമെന്നായിരുന്നു ഉറപ്പ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒപി വിഭാഗം വിപുലമാക്കിയത് മാത്രമാണ് വികസനം. കിടത്തി ചികില്‍സ തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം മാത്രമേ അധ്യായനം തുടങ്ങാനാകൂ.