തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നവംബറില്‍ ഉണ്ടാകില്ല. നിലവിലെ നിരക്ക് തുടരണമെന്ന് കാണിച്ച് ഇന്ന് റഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കും. നിരക്ക് വര്‍ധനയില്‍ തീരുമാനം വൈകുമെന്ന് റഗുലേറ്ററി കമ്മീഷന് അറിയിച്ചു.
കെഎസ്ഇബി നല്കിയ അപേക്ഷയില്‍ നടപടികള്‍ നീളുമെന്നാണ് വിശദീകരണം. നിരക്ക് കൂട്ടുന്നതില്‍ സര്‍ക്കാരിനും തിടുക്കമില്ല. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.
നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞില്ല. പകരം ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ബാധ്യത താരിഫ് വര്‍ധനയിലൂടെ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. റവന്യൂ കമ്മി മുഴുവന്‍ ഈടാക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ബോര്‍ഡിനെ റെഗുലേറ്ററി കമ്മീഷന് അനുവദിക്കാറില്ല. അതുകൊണ്ട് കെഎസ്ഇബി ആവശ്യപ്പെട്ടത് പോലെ 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി ഉണ്ടാകില്ല. എന്നാല്‍ 20 പൈസയ്ക്ക് മുകളിലുള്ള വര്‍ധന ഉറപ്പാണ്.
അടുത്ത നാല് വര്‍ഷവും നിരക്ക് വര്‍ധന നടപ്പാക്കി 1900 കോടിയുടെ ബാധ്യത തീര്‍ക്കാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതില്‍ പെന്ഷന് ഫണ്ടിലേക്കുള്ള 407 കോടി ഈടാക്കാനുള്ള ബോര്‍ഡിന്റെ നീക്കം നടക്കില്ല. ഇത് കുറച്ചുള്ള തുകയാകും വരും വര്‍ഷങ്ങളിലും വൈദ്യുതി ചാര്‍ജ് കൂട്ടി പിരിച്ചെടുക്കുക.