മുംബൈ: ഏകദിന ലോകകപ്പില്‍ ഇത്തവണ കപ്പുറപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യത്തെ ആറ് മത്സരവും ജയിച്ച ഇന്ത്യ ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് മുന്നോട്ട് പോകുന്നത്.
12 പോയിന്റുകളുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളതും ഇന്ത്യയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നുവെന്നത് ടീമിന് ആത്മവിശ്വാസം നല്കുന്ന കാര്യമാണ്.
അതേസമയം ഇത്തവണ കിരീട സാധ്യതയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും കപ്പുറപ്പിക്കാനാവില്ലെന്നാണ് മുന്‍ പാകിസ്താന് നായകനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറയുന്നത്.ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യയാണ് ഫേവറേറ്റുകളെന്നും എന്നാൽ ഇന്ത്യ കപ്പടിക്കില്ലെന്നുമാണ് അഫ്രീദി അഭിപ്രായപ്പെടുന്നത്.അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു.
“ഇന്ത്യന്‍ ടീം മികച്ച അടിത്തറ സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ കരുത്തില്‍ എങ്ങനെയാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് അവര്‍ക്കറിയാം. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ആറില്‍ ആറ് മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമുള്ളതാണ്. അതും നാട്ടിലെ സാഹചര്യത്തില്‍. മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തില്‍ ഇന്ത്യ അത്രത്തോളം ശ്രദ്ധ നല്കുന്നു. ഇതാണ് ഇന്ത്യയെ ഫേവറേറ്റുകളാക്കുന്നത്’ – അഫ്രീദി എക്സില്‍ കുറിച്ചു.
“എന്നാൽ 2019ലും ഇന്ത്യ സമാനമായ കുതിപ്പായിരുന്നു നടത്തിയതെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്താവുകയായിരുന്നു.സെമി കടമ്ബ കടന്നുകിട്ടിയാല്‍ ഇന്ത്യക്ക് കപ്പുറപ്പാണെന്ന് പറയാം. എന്നാല്‍ സെമി കടക്കാനാവുന്നില്ലെന്നത് ഏറെ നാളുകളായി ഇന്ത്യ വേട്ടയാടുന്ന പ്രശ്നമാണ്. വിരാട് കോലി നായകനായിരിക്കെ പല ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യ സെമി കളിച്ചെങ്കിലും സെമിയില്‍ തോറ്റ് പുറത്താവുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്ഡിനോടാണ് ഇന്ത്യ തോറ്റ് പുറത്തായത്. ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയാണ് ഇന്ത്യ കിവീസിനോട് മുട്ടുകുത്തിയത്.”
2019ലെ പ്രകടനം ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ തുടര്‍ ജയങ്ങളാണ് ഇന്ത്യ ഇത്തവണയും നേടുന്നത്. അതുകൊണ്ടുതന്നെ 2019ലെ വിധി ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് അഫ്രീദി പങ്ക് വയ്ക്കുന്നത്. രോഹിത് ശര്‍മ എംഎസ് ധോണിയെപ്പോലെ ബുദ്ധിമാനായ നായകനാണ്. സാഹചര്യത്തിനനുസരിച്ച് മികച്ച പദ്ധതി തയ്യാറാക്കാന്‍ കഴിവുണ്ട്.അതുകൊണ്ടുതന്നെ സെമി കടമ്ബ കടന്നാൽ ഇന്ത്യ കപ്പടിക്കാന്‍ സാധ്യതയുണ്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.