മലയാളിയാണെങ്കിലും കേരളത്തിൽ ജീവിക്കാത്തതുകൊണ്ട് നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് വായിച്ചും കേട്ടറിഞ്ഞുമുള്ള ധാരണയാണ് പ്രധാനമായും അദ്ദേഹത്തിനുള്ളത്.
അത്യന്തം പ്രകോപനപരവും വിഷലിപ്തവുമായ പ്രസ്താവനയാണ് ഇന്നലെ അദ്ദേഹം നടത്തിയത്. കേരള സന്ദർശനത്തിൽ നിജസ്ഥിതി ബോധ്യമായി തന്റെ പ്രസ്താവന അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അതല്ല, തനിക്കൊരു രാഷ്ട്രീയഇടം സൃഷ്ടിക്കാൻ ഇതൊരു സുവർണാവസരം ആണെന്ന് കരുതി ശശികലമാരോട് മൽസരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെങ്കിൽ, കേരളത്തെക്കുറിച്ച് അല്പം കൂടി അദ്ദേഹം പഠിക്കേണ്ടി വരുമെന്ന് പറയാൻ നിർബന്ധിതരാകും മലയാളികൾ.
കളമശ്ശേരി സ്ഫോടന സംഭവത്തില്‍ പ്രതികരണവുമായി എത്തിയതായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കൊച്ചി കളമശേരിയില്‍ നടന്ന സ്ഫോടനത്തെക്കാള്‍ തന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന വിസ്ഫോടനങ്ങളാണ് എന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുതല്‍ ശ്രീമതി ശശികല വരെയുള്ള സംഘപരിവാര്‍ നേതാക്കള്‍ അണിനിരന്ന് പല കഥകളും നെയ്തെടുത്തു എന്നും പ്രകാശവേഗതയെക്കാള്‍ തിടുക്കത്തില്‍ ഇസ്രയേലുമായി കളമശ്ശേരി സ്ഫോടനത്തെ ബന്ധപ്പെടുത്താൻ ചിലര്‍ കാണിച്ച വൈഭവം അപാരമാണ് എന്നുമാണ് ബ്രിട്ടാസ് കുറിച്ചത്. കേന്ദ്രസര്‍ക്കാരില്‍ ഉത്തരവാദപ്പെട്ട ചുമതലയുള്ളവര്‍ പോലും കേട്ട പാതി കേള്‍ക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാൻ മുൻപന്തിയില്‍ നില്‍ക്കുകയാണെന്നും കേരളത്തെ വരുതിയില്‍ ആക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവര്‍ നടത്തുന്നതെന്നും ബ്രിട്ടാസ് എം പി പറഞ്ഞു.
മുസ്ലിങ്ങളോടും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോടും രാജീവ് ചന്ദ്രശേഖറിന് കടുത്ത വെറുപ്പാണന്ന് പലപ്പോഴും തെളിയിച്ചതാണ്. കളമശ്ശേരി സ്ഫോടനം നടത്തിയത് ഫലസ്തീനെ പിന്തുണക്കുന്ന കേരളത്തിലെ മുസ്ലിങ്ങളാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. ആ തീവ്രവാദികളെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ എ.എൻ.ഐക്ക് അഭിമുഖം നല്കി. മുതലാളിയുടെ നിലപാട് പ്രചരിപ്പിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മുന്നിട്ടിറങ്ങിയെന്നും ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.