അല്‍ഫോൻസ് പുത്രന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു: ‘എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, ആര്‍ക്കും ഭാരമാകുന്നില്ല’ എന്ന് പോസ്റ്റ്
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് കരിയര്‍ നിര്‍ത്തുന്നു എന്നും സംവിധായകന്‍ അല്‍ഫോൻസ് പുത്രന്‍ ഫെയ്സ് ബുക്കിൽ കുറിച്ചു. തിയറ്റര്‍ സിനിമകള്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം എടുക്കുന്നത് തുടരുമെന്നും അല്‍ഫോൻസ് വ്യക്തമാക്കി.
‘ഞാന്‍ എന്റെ സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. ഇന്നലെ ഞാന്‍ സ്വയം മനസിലാക്കി എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന്. ആര്‍ക്കും ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തുടര്‍ന്നും ഗാനങ്ങളും വിഡിയോയും ഹ്രസ്വചിത്രങ്ങളും ഒടിടിക്കുവേണ്ടിയുള്ളതും എടുക്കും. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എനിക്ക് മറ്റ് മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത വാക്ക് നല്‍കാന്‍ എനിക്കാവില്ല. ആരോഗ്യം മോശമാകുകയോ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയോ ചെയ്താല്‍ ഇന്റര്‍വെല്‍ പഞ്ച് പോലെ ഒരു ട്വിസ്റ്റ് ആവശ്യമാണ്.’ അല്‍ഫോൻസ് കുറിച്ചു.
പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആരാധകരാണ് എത്തുന്നത്. ഡോക്ടറുടെ സഹായം തേടാനും ആരാധകർ പറയുന്നു. അതിനിടെ അല്‍ഫോൻസിന്റെ പോസ്റ്റ് അപ്രത്യക്ഷമായി.
പൃഥ്വിരാജിനെ നായകനാക്കി എടുത്ത ഗോള്‍ഡാണ് അല്‍ഫോൻസ് പുത്രൻ അവസാനം ചെയ്ത സിനിമ. സൂപ്പര്‍ഹിറ്റായ പ്രേമത്തിന് ശേഷം ഇറങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായി. പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി അല്‍ഫോൻസ് എത്തിയിരുന്നു. അല്‍ഫോൻസിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം ‘ഗിഫ്റ്റ്’ ആണ്.