CrimeNEWS

കളമശേരിയില്‍ നടന്നത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം: യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി എഫ്ഐആർ

കൊച്ചി: കളമശേരിയിൽ നടന്നത് രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയായ സ്ഫോടനം എന്ന് പൊലീസ് എഫ്ഐആർ. സ്ഫോടനം നടന്നത് രാവിലെ 9.35നാണ്. ജനങ്ങളെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയുമായിരുന്നു സ്ഫോടനത്തിനു പിന്നിലെ ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. ഡൊമിനിക് മാർട്ടിനാണ് പ്രതിയെന്ന് സ്ഥിരീകരിക്കുന്നതിനു മുൻപ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് പൊലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

സ്ഫോടനം നടത്തിയത് ഒന്നിലധികം പ്രതികളായിരിക്കാമെന്ന തരത്തിലാണ് ഈ എഫ്ഐആർ. പ്രതികൾക്കെതിരെ യുഎപിഎയും സ്ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്ഫോടനമാണ് കളമശേരിയിലേത്. സ്ഫോടനം തീവ്രവാദ സ്വഭാവത്തോടെയുള്ളതാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നും എഫ്ഐആറിലുണ്ട്. തീവ്രവാദ സ്വഭാവത്തോടെയുള്ള സ്ഫോടനമായതിനാൽ തന്നെ നിലവിൽ എൻഐഎ ഉൾപ്പെടെ ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം എത്തിയശേഷം അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ തീരുമാനിച്ചേക്കും.

കളമശേരിയിലെ സ്ഫോടനം അന്വേഷിക്കുന്നതിനായി പ്രത്യേകസംഘം രൂപീകരിച്ചു സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിട്ടു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ആണ് സംഘത്തലവൻ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ, തൃക്കാക്കര അസിസ്റ്റൻറ് കമ്മിഷണർ പി.വി.ബേബി, എറണാകുളം ടൗൺ അസിസ്റ്റൻറ് കമ്മിഷണർ രാജ് കുമാർ.പി, കളമശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ദാസ്, കണ്ണമാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ ബിജുജോൺ ലൂക്കോസ് എന്നിവരും മറ്റു 11 പൊലീസ് ഉദ്യോഗസ്ഥരുമാണ് 21 അംഗ പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്. ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Back to top button
error: