മലപ്പുറം: സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്തത് വിവാദത്തില്‍. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ സംഘടാകരാണ് പുറത്തുവിട്ടത്.
”അല്‍ അഖ്‌സ നമ്മുടെ അഭിമാനമാണ് , നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ അഖ്‌സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേല്‍ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീര്‍ക്കുകയാണ്. വീടുകള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു”- ഖലീദ് മാഷല്‍ അറബിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംഘാടകര്‍ പുറത്തുവിട്ട മലയാളം പരിഭാഷയില്‍ പറയുന്നു.
അതേസമയം, മലപ്പുറം സമ്മേളനത്തില്‍ ഹമാസ് നേതാവ് ഓണ്‍ലൈനായി പങ്കെടുത്ത സംഭവത്തില്‍ ഇസ്രയേലിന് കടുത്ത അതൃപ്തി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയാണ് ഇസ്രയേല്‍ അംബാസഡര്‍ അതൃപ്തി അറിയിച്ചത്.
അതിനിടെ, പരിപാടിയിലെ ഹമാസ് സാന്നിധ്യത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ റാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും ലോക്സഭാ എംപിയുമായ ശശി തരൂരിനെതിരെയും ബിജെപി രംഗത്തെത്തിയിരുന്നു.