ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് മുംബൈ എഫ്സിയും ഹൈദരാബാദും.സെല്‍ഫ് ഗോളുകളിലായിരുന്നു ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.
പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ലീഡ് എടുത്ത മുംബൈ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം അവരുടെ തന്നെ സെൽഫ് ഗോളിൽ ഹൈദരാബാദ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.
മൂന്ന് തുടര്‍ തോല്‍വികള്‍ നേരിട്ട ഹൈദരാബാദിന്റെ ആദ്യ പോയിന്റ് ആണ് ഇത്. എങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ് അവര്‍. മുംബൈ അഞ്ചാമതാണ്.
മുംബൈക്ക് ആയിരുന്നു തുടക്കത്തില്‍ മേധാവിത്വം. അഞ്ചാം മിനിറ്റില്‍ വിക്രം പ്രതാപിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. എന്നാല്‍ ഹൈദരാബാദ് താരം ജോ നോള്‍സിനെ ഫൗള്‍ ചെയ്തതിന് മുംബൈ കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നതോടെ മത്സരം മാറി മറിഞ്ഞു.
എന്നാൽ 75ആം മിനിറ്റില്‍ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് മുംബൈ ലീഡ് എടുക്കുകയും ചെയ്തു. ബോക്സിനുളില്‍ എതിര് തരങ്ങള്‍ക്കിടയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ട് നല്കിയ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത ബിപിൻ പോസ്റ്റിന് കണക്കാക്കി നല്കിയ പന്ത് മനോജ് മുഹമ്മദിന്റെ കാലുകളില്‍ തട്ടി വലയിലേക്ക് പതിച്ചു. ഇതോടെ മത്സരം മുംബൈയുടെ വഴിക്കെന്ന് തോന്നിച്ചു. ഹൈദരാബാദിന് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനും സാധിച്ചില്ല.
ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹൈദരാബാദ് കാത്തിരുന്ന ഗോള്‍ എത്തി. ജോനോള്സിന്റെ ക്രോസ് നല്‍കാനുള്ള ശ്രമം റ്റിരിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് വഴിമാറുകയായിരുന്നു.