NEWSWorld

ഇസ്രായേൽ യുദ്ധം:യു.എന്നില്‍ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഗാസയിൽ ഇസ്രായേല്‍ വൻ ആക്രമണം നടത്തുന്നതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്നില്‍ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ.

45 അംഗങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍, യു.എൻ ജനറല്‍ അസംബ്ലിയില്‍ 120 വോട്ടുകള്‍ക്ക് പ്രമേയം പാസായി. യു.എസും ഇസ്രായേലും ഉള്‍പ്പെടെ 14 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ഇന്ത്യയെ കൂടാതെ യു.കെ, ജര്‍മ്മനി,യുക്രെയ്ൻ, ആസ്ട്രേലിയ, ഇറ്റലി, ജപ്പാൻ, നെതര്‍ലാൻഡ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് നിര്‍ത്തി ഉടനടി മാനുഷികമായ താല്‍പര്യങ്ങള്‍ മുൻനിര്‍ത്തി സന്ധിയുണ്ടാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീൻ പൗരൻമാര്‍ക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കണമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. ഗാസയ്ക്ക് മാനുഷിക സഹായം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വടക്കൻ ഗാസയിൽ നിന്നും തെക്ക് ഭാഗത്ത് ആളുകളോട് മാറാൻ ആവശ്യപ്പെട്ടുള്ള ഇസ്രായേലിന്റെ നിര്‍ദേശം പിൻവലിക്കണം. നിര്‍ബന്ധപൂര്‍വം ഫലസ്തീനികളെ വടക്കൻ ഗാസയിൽ നിന്നും മാറ്റരുതെന്നും പ്രമേയം പറയുന്നു.

Back to top button
error: