ന്യൂഡല്‍ഹി: ആര്‍എസ്എസുകാരന്റെ തിട്ടൂരംകൊണ്ടു മാറുന്നതല്ല ഇന്ത്യയെന്ന ഭരണഘടനാപരമായ പേരെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇന്ത്യയെന്ന പേര് ഇപ്പോഴും മാറിയിട്ടില്ല. ഭരണഘടനാവിരുദ്ധമായ രീതിയില്‍, ഫാഷിസ്റ്റ് രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന പേര് അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഭാരതം എന്ന രീതിയിലല്ല, ഇന്ത്യ എന്ന രീതിയില്‍ തന്നെയാണു പഠിക്കേണ്ടത്. ഇന്ത്യ എന്ന പേരിനെ പ്രകോപനപരമായി മാറ്റാനുള്ള കാരണം രാഷ്ട്രീയമാണെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.
എം.വി.ഗോവിന്ദന്റെ വാക്കുകള്‍
ഇന്ത്യയുടെ പേര് മാറ്റേണ്ടതില്ലെന്നാണു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോഴത്തെ പ്രകോപനം എന്താണെന്നു പകല്‍വെളിച്ചം പോലെ എല്ലാവര്‍ക്കും അറിയാം. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാണ്. ആര്‍എസ്എസിനും സംഘപരിവാര്‍ വിഭാഗത്തിനും ഇന്ത്യ എന്ന പേരിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പിന്റെ ഭാഗമായിട്ടാണു പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന് പേരുമാറ്റി, ഭാരതം എന്നാക്കാം എന്നു തീരുമാനിക്കുന്നത്.
മുന്‍പു മുഗള്‍ സാമ്രാജ്യത്തെ സംബന്ധിച്ചു പഠിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഗുജറാത്തിലെ ഒരു ചോദ്യപേപ്പറില്‍ ഗാന്ധിജി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യം വന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു. ശാസ്ത്രപരമായ കാര്യങ്ങളും ചരിത്രപരമായ വസ്തുതകളും മറച്ചുവച്ച് അവര്‍ പുതിയ ചരിത്രം നിര്‍മിക്കുന്നു. ആധുനിക ചരിത്രമെന്നാണ് അവര്‍ പറയുന്നത്. ഇത് സവര്‍ക്കറുടെ നിലപാടാണ്.
അതേസമയം, രാജ്യത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള ശുപാര്‍ശ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എന്‍സിഇആര്‍ടി സോഷ്യല്‍ സയന്‍സ് സമിതി അധ്യക്ഷനും മലയാളിയുമായ പ്രഫ. സി.ഐ. ഐസക് രംഗത്തെത്തി. ഇന്ത്യ എന്നു പഠിപ്പിക്കേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഭാരതം എന്ന പേര് ആത്മാഭിമാനം വളര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ സയന്‍സ് സമിതി സമര്‍പ്പിച്ച നിലപാടു രേഖയിലാണ് (പൊസിഷന്‍ പേപ്പര്‍) പേരുമാറ്റം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുള്ളത്. ചരിത്രത്തെ മൂന്നായി വേര്‍തിരിക്കുമ്പോള്‍ പൗരാണികം (ഏന്‍ഷ്യന്റ്) എന്നതിനു പകരം ‘ക്ലാസിക്കല്‍’ എന്നുപയോഗിക്കണമെന്നും ഇന്ത്യന്‍ നോളജ് സിസ്റ്റത്തിനു (ഐകെഎസ്) കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നുമുള്ള രേഖ 4 മാസം മുന്‍പാണു സമര്‍പ്പിച്ചത്. വിദഗ്ധ സമിതിയും വിവിധ സംസ്ഥാനങ്ങളും നല്‍കിയ നിലപാടു രേഖകള്‍ വിലയിരുത്തിയ ശേഷമാകും പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അന്തിമ തീരുമാനമെടുക്കുക. വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു.