CrimeNEWS

മദ്യപിച്ച് മദോന്മത്തനായി കുടുംബത്തിനൊപ്പം നീന്താനിറങ്ങി, വിലക്കിയപ്പോള്‍ ചീത്തവിളി; യുവാവിനെതിരെ കേസ്

മലപ്പുറം: ചങ്ങരംകുളത്ത് മദ്യപിച്ച് ലക്കുകെട്ട് നീന്തല്‍ കുളത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെപൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചങ്ങരംകുളം പൊലീസ് ആണ് കേസെടുത്തത്. സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭര്‍ത്താവും രണ്ട് മക്കളും ചേര്‍ന്നാണ് ചിറകുളത്തില്‍ നീന്താന്‍ ഇറങ്ങിയത്.

മദ്യപിച്ച് ലക്കുകെട്ട യുവാവ് കുളത്തില്‍ കുട്ടികള്‍ക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശത്തെ യുവാക്കള്‍ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തില്‍ നിന്ന് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നേരം ഇരുട്ടിയിട്ടും കുളത്തില്‍ നിന്ന് കയറാതെ നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ അസഭ്യ വര്‍ഷം തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു.

Signature-ad

തുടര്‍ന്ന് ചങ്ങരംകുളം എസ്.ഐ ബാബു ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ഇയാളോട് കുളത്തില്‍ നിന്ന് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിനോടും ഇയാള്‍ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു. പലതവണ കുളത്തില്‍നിന്ന് കയറിപ്പോവാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് അസഭ്യം പറയുന്നത് തുടര്‍ന്നു. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയിട്ടും ഇയാള്‍ പൊലീസിനെ വെല്ലുവിളിക്കുന്നത് തുടര്‍ന്നു. കേസെടുത്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: