കോഴിക്കോട്: കോടതിയില്‍ കെട്ടിവെച്ച ഭൂമി പണയംവെച്ച് വായ്പത്തട്ടിപ്പ് നടത്തിയെന്ന ആരോപണവിധേയനായ നേതാവിനെതിരേ നടപടിയാവശ്യപ്പെട്ട് സി.പി.എം. നേതൃത്വത്തിന് പരാതിപ്രവാഹം. സി.പി.എം. നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവും അശോകപുരം ലോക്കല്‍ സെക്രട്ടറിയുമായ ഒ.എം. ഭരദ്വാജിനെതിരേയാണ് എരഞ്ഞിപ്പാലത്തെ സിറ്റിജനത വെല്‍ഫെയര്‍ സഹകരണ സൊസൈറ്റി സെക്രട്ടറിയും ചില പാര്‍ട്ടിപ്രവര്‍ത്തകരും പരാതി നല്‍കിയത്.
സൊസൈറ്റിയുടെ ലീഗല്‍ അഡൈ്വസര്‍ കൂടിയായിരുന്ന ഭരദ്വാജ് 2016-ല്‍ വസ്തു പണയപ്പെടുത്തി ഏഴുലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊടുവള്ളി രാരോത്ത് വില്ലേജിലെ ആറര സെന്റ് സ്ഥലമാണ് ജാമ്യമായിവെച്ചത്. വായ്പ തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ ആര്‍ബിട്രേഷന്‍ കേസില്‍ സംഘത്തിന് അനുകൂലവിധി വന്നിരുന്നു.
ജപ്തി നടപടികള്‍ തുടങ്ങിയപ്പോഴാണ് സ്ഥലം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസുകളില്‍ ജാമ്യമായി കെട്ടിവെച്ചതാണെന്ന് മനസ്സിലായതെന്ന് സി.പി.എം. ജില്ലാ, സംസ്ഥാന സെക്രട്ടറിമാര്‍ക്കും സഹകരണവകുപ്പിനും നല്‍കിയ പരാതികളില്‍ പറയുന്നു. സ്ഥലം വില്‍ക്കാനും കൈമാറാനും പാടില്ലെന്ന് തഹസില്‍ദാറുടെ ഉത്തരവും നിലവിലുണ്ട്. ഇതുകാരണം സംഘത്തിന് ലഭിക്കേണ്ട വായ്പത്തുക ഈടാക്കാന്‍ കഴിയുന്നില്ലെന്നും മനഃപൂര്‍വം സംഘത്തെ വഞ്ചിച്ചെന്നുമാണ് പരാതി.
ഒരു സ്ഥാപനത്തില്‍ വായ്പക്കുടിശ്ശികയുള്ള വ്യക്തി മറ്റൊരു സംഘത്തില്‍ മത്സരിക്കുന്നത് ചട്ടവിരുദ്ധമായിട്ടും കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് വൈസ് ചെയര്‍മാനായി തുടരുകയാണെന്നും പരാതികളില്‍ പറയുന്നു. ഭരദ്വാജിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യമുണ്ട്. സഹകരണവകുപ്പിന് കിട്ടിയ പരാതികളില്‍ നടപടിതുടങ്ങിയിട്ടുണ്ട്.
‘ജനത വെല്‍ഫെയര്‍’ സംഘവുമായി ബന്ധപ്പെട്ട പരാതികള്‍ ശരിയാണെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ടെത്തി. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്കിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി കോഴിക്കോട് യൂണിറ്റിനു കൈമാറിയതായി അസിസ്റ്റന്റ് രജിസ്ട്രാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
സാമ്പത്തികപ്രയാസം കാരണമാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതെന്ന് ഭരദ്വാജ് പറഞ്ഞു. 2016-ല്‍ വായ്പയെടുക്കുമ്പോള്‍ ഭൂമി കോടതിയില്‍ കെട്ടിവെച്ചിട്ടില്ലായിരുന്നു. 2013-ലെ രണ്ടുകേസുകളുമായി ബന്ധപ്പെട്ടാണ് 2019-ലാണ് അറ്റാച്ച്മെന്റ് നടപടിയുണ്ടായത്. കേസുകളില്‍ ജാമ്യമെടുത്തതോടെ അറ്റാച്ച്മെന്റ് ഒഴിവായി. വായ്പക്കുടിശ്ശികയില്‍ പകുതി അടച്ചതായും ഭൂമി സംബന്ധിച്ച് ഇപ്പോള്‍ നിയമപ്രശ്‌നമില്ലെന്നും ഭരദ്വാജ് പറഞ്ഞു.