FoodNEWS

തെരളിയപ്പം അഥവാ കുമ്പിളപ്പം

വഴനയിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം.ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു.
മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലെ ഏറ്റവും സ്വാദിഷ്ടമായ ഒന്നാണിത്.അരിപ്പൊടിയും മറ്റ് പഴങ്ങൾ ചേർത്തും ഇത് ഉണ്ടാക്കാവുന്നതാണ്.
ചേരുവകള്‍
വറുത്ത അരിപൊടി   –  2 കപ്പ്
ചിരകിയ തേങ്ങ  – ¾ കപ്പ്
ചക്ക/ചെറിയ ഇനം പഴം  –   4 എണ്ണം
ചീകിയ ശര്‍ക്കര  –  1½ കപ്പ്
ഏലക്കായ് പൊടി  –  2 ടീസ്പൂണ്‍
വയണയില, ഈര്‍ക്കില്‍  – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
വയണയില (തെരളിയില) വൃത്തിയാക്കി കുമ്പിളിന്റെ  ആകൃതിയില്‍ എടുത്ത് ഈര്‍ക്കില്‍ വച്ച് കോര്‍ത്തെടുക്കുക. ഒരു പാത്രത്തില്‍ അരിപൊടി, ചക്കപ്പഴം അല്ലെങ്കിൽ മറ്റേതെങ്കിലും പഴം, തേങ്ങ, ചിരകിയ ശര്‍ക്കര, ഏലക്കായ്പൊടി ഇവ ചേര്‍ത്ത് കട്ടയില്ലാതെ കുഴയ്ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കാം.

ഇനി തയ്യാറാക്കി വച്ചിട്ടുള്ള കുമ്പിളില്‍ ഈ മിശ്രിതം നിറച്ച് ആവിവരുന്ന അപ്പചെമ്പില്‍ അല്ലെങ്കിൽ ഇഡ്ഡലി പാത്രത്തില്‍ വച്ച് വേവിക്കുക. നല്ലപോലെ വെന്തശേഷം ഇല അടര്‍ത്തി മാറ്റി അപ്പം മാത്രം പുറത്തെടുത്ത് പാത്രത്തില്‍ നിരത്തി ഉപയോഗിക്കാം. മലയാളികള്‍ വിശേഷദിവസങ്ങളില്‍ ഇത് ഉണ്ടാക്കാറുണ്ട്.

Back to top button
error: