Health

മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യുന്ന സ്ത്രീകൾ  ഇക്കാര്യം മറക്കരുത്, സൂക്ഷിച്ചില്ലെങ്കില്‍ അര്‍ബുദസാധ്യത

   സ്ത്രീകൾ ചുരുണ്ടതും മനോഹരവുമായ മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്ത് നടക്കുന്നത് കാണാറില്ലേ…? മാറുന്ന സൗന്ദര്യ സങ്കല്പത്തിന്റെ പ്രതീകമാണ് അത്. പക്ഷേ അടുത്ത തവണ മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാൻ സലൂണിലേക്ക്‌ പോകുമ്പോള്‍ സ്ത്രീജനങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്‌മൂത്‌നിങ്‌ ഉൽപന്നത്തില്‍ ഫോര്‍മാല്‍ഡിഹൈഡ്‌ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടോ എന്ന്‌. കാരണം മുടിയില്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്‌ അധിഷ്‌ഠിത ഉൽപന്നങ്ങള്‍ ആസ്‌മയ്‌ക്കും അര്‍ബുദത്തിനും കാരണമാകാമെന്ന്‌ അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) പറയുന്നു.

അണുനാശിനികളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന നിറമില്ലാത്ത രാസവസ്‌തുവാണ്‌ ഫോര്‍മാല്‍ഡിഹൈഡ്‌. മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില ഉൽപന്നങ്ങള്‍ ചൂടാക്കുമ്പോള്‍ വായുവിലേക്ക്‌ ഫോര്‍മാല്‍ഡിഹൈഡ്‌ പുറന്തള്ളുമെന്നും ഇത്‌ ഉപഭോക്താക്കളിലും സലൂണ്‍ ജീവനക്കാരിലും അര്‍ബുദ സാധ്യത വർധിപ്പിക്കുമെന്നും എഫ്‌ഡിഎ മുന്നറിയിപ്പ്‌ നല്‍കുന്നു. ഇതിനാല്‍ മുടിയില്‍ ഉപയോഗിക്കുന്ന ഉൽപന്നങ്ങളില്‍ നിന്ന്‌ ഫോര്‍മാല്‍ഡിഹൈഡോ അവ പുറന്തള്ളുന്ന മെതിലൈന്‍ ഗ്ലൈക്കോള്‍ പോലുള്ള രാസവസ്‌തുക്കളോ നിരോധിക്കാന്‍ ഒരുങ്ങുകയാണ്‌ എഫ്‌ഡിഎ.

ഹ്രസ്വകാലത്തേക്ക്‌ ഫോര്‍മാല്‍ഡിഹൈഡ്‌ ശ്വസിക്കുന്നത്‌ ചര്‍മത്തിനും ശ്വാസകോശത്തിനും അസ്വസ്ഥത ഉണ്ടാക്കി ആസ്‌മയ്‌ക്ക്‌ കാരണമാകാം. ദീര്‍ഘകാല ഉപയോഗം ഗര്‍ഭപാത്രത്തിനും അണ്ഡാശയത്തിനും സ്‌തനത്തിനും വരുന്ന അര്‍ബുദത്തിനും കാരണമാകാമെന്ന്‌ എഫ്‌ഡിഎ വിദഗ്‌ധര്‍ പറയുന്നു. മുടി സ്‌ട്രെയ്‌റ്റ്‌ ചെയ്യാനുപയോഗിക്കുന്ന ഉൽപന്നത്തില്‍ ഫോര്‍മാല്‍ഡിഹൈഡ്‌, മെതിലൈന്‍ ഗ്ലൈക്കോള്‍, ഫോര്‍മാലിന്‍ എന്നിവ ഇല്ലെന്ന്‌ ഉപഭോക്താക്കള്‍ പരിശോധിച്ച്‌ ഉറപ്പ് വരുത്തേണ്ടതാണെന്നും ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന് മുന്നറിയിപ്പു നൽകുന്നു.

Back to top button
error: