CrimeNEWS

മോഷ്ടിച്ച കാര്‍ പോലീസ് ജീപ്പിലടക്കം ഇടിപ്പിച്ചു; ഒടുവില്‍ പ്രതി പിടിയിലായി

കൊല്ലം: തിരുവനന്തപുരം കല്ലമ്പലത്തുനിന്നു മോഷ്ടിച്ച കാറുമായി പുനലൂരില്‍ അപകടപരമ്പര സൃഷ്ടിച്ചയാള്‍ പിടിയില്‍. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത വിതുര തെന്നൂര്‍ പ്രബിന്‍ഭവനില്‍ പ്രബി(28)നെ കല്ലമ്പലം പോലീസിനു കൈമാറി.

ഒട്ടേറെ വാഹനമോഷണക്കേസുകളില്‍ പ്രതിയാണ് പ്രബിനെന്നും വിവിധ ജില്ലകളിലായി പല സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുണ്ടെന്നും പോലീസ് പറഞ്ഞു.

Signature-ad

പുനലൂര്‍, കുന്നിക്കോട് സ്റ്റേഷനുകളില്‍ ഇയാളെ പ്രതിയാക്കി കേസെടുത്തിട്ടില്ല. കാര്‍ പുനലൂരില്‍ ആറു വാഹനങ്ങളിലിടിച്ച് കേടുപാടുകള്‍ വരുത്തിയെങ്കിലും പരാതിക്കാര്‍ എത്താത്തതിനാലാണ് കേസെടുക്കാത്തതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, പോലീസ് ജീപ്പില്‍ കാറിടിച്ച് കേടുപാട് വരുത്തിയതിന് കേസെടുക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ്‌കുമാര്‍ പറഞ്ഞു.

കല്ലമ്പലം നാവായിക്കുളത്തെ വര്‍ക്ഷോപ്പില്‍നിന്നു കഴിഞ്ഞ 12-ന് മോഷണംപോയതാണ് കാര്‍. ശനിയാഴ്ച കാര്‍ പുനലൂര്‍ ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. പോലീസിന്റെ പിടിയില്‍പ്പെടാതിരിക്കാന്‍ പായുന്നതിനിടെയാണ് കാര്‍ പുനലൂര്‍ വാളക്കോട്ട് പോലീസ് ജീപ്പ് ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളില്‍ ഇടിച്ചത്. ഇവയില്‍ മൂന്നു കാറുകളും മൂന്നു ബൈക്കുകളും ഉള്‍പ്പെടുന്നു. ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ കാര്യറ വഴി പത്തനാപുരത്തേക്ക് പോകുന്നതിനിടെ കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലുള്ള പനമ്പറ്റയില്‍ കാര്‍ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രബിനെ പിടികൂടുകയായിരുന്നു.

ശനിയാഴ്ച രാത്രി കല്ലമ്പലത്തുനിന്നും പോലീസെത്തി പ്രതിയെ ഏറ്റെടുത്തു. മോഷ്ടിച്ച കാറും കല്ലമ്പലത്തേക്ക് കൊണ്ടുപോയി.

 

 

Back to top button
error: