മസ്കറ്റ്: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ഒമാന്‍ തീരത്തു നിന്നും 500 കിലോമീറ്റര്‍ പരിധിയിലാണ് ചുഴലിക്കാറ്റുള്ളത്.
പെട്ടെന്നുള്ള മഴയില്‍ തോടുകള്‍ കരകവിയുന്നത് നിത്യസംഭവമായതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.