പ്രിയനേ നിനക്കായി! കാമുകന് വേണ്ടി ഒറ്റമാസം കൊണ്ട് ശരീരഭാരം 35 കിലോ കൂട്ടി; മോഡലിന് ജോലിയും പോയി കാമുകനും ഉപേക്ഷിച്ചു
പ്രണയിക്കുന്ന സമയത്ത് പലരും ഒരു മാസ്മരിക ലോകത്തായിരിക്കും. കാമുകനോ കാമുകിയോ എന്താവശ്യപ്പെട്ടാലും അതെല്ലാം നടത്തിക്കൊടുക്കാന്‍ എന്ത് സാഹസത്തിനും മുതിരും. എന്നാല്‍ ഈ സാഹസങ്ങള്‍ പലപ്പോഴും വിനയായി മാറും. ഇത്തരത്തില്‍ ഒരു കാമുകനെ വിശ്വസിച്ച പെണ്‍കുട്ടിക്ക് അവളുടെ തൊഴില്‍മേഖലയിലും ജീവിതത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള സെങ് എന്ന് പേരുള്ള മോഡലാണ് തന്റെ ദുരനുഭവം ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയില്‍ പങ്കുവെച്ച കുറിപ്പില്‍ പങ്കുവെച്ചത്. വെയ് എന്ന് പേരുള്ള കാമുകന്റെ സന്തോഷത്തിനായി 35 കിലോ ശരീരഭാരമാണ് സെങ് കൂട്ടിയത്. എന്നാല്‍ ശരീരഭാരം കൂടിയതോടെ വെയ്, സെങ്ങിനെ ഉപേക്ഷിച്ചുപോകുകയും ചെയ്തു.
മോഡലിങ്ങില്‍ കരിയര്‍ കെട്ടിപ്പടുത്ത സെങ് മോഡലിങ് ഏജന്‍സിയുടെ ആവശ്യപ്രകാരം 50 കിലോ ഭാരമാണ് നിലനിര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് വെയിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. മെലിഞ്ഞ പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും ശരീരത്തിന് വണ്ണം
കൂട്ടിയാല്‍ വിവാഹം ചെയ്യാമെന്നും വെയ്, സെങ്ങിന് വാഗ്ദാനം നല്‍കി. പിന്നാലെ സെങ് തടി കൂട്ടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
ഒരൊറ്റ മാസത്തിനുള്ളില്‍ 35 കിലോ ഭാരമാണ് സെങ് കൂട്ടിയത്. ഇതോടെ യുവതിയുടെ ജോലി നഷ്ടമായി. ആരോഗ്യപ്രശ്നങ്ങളും തുടങ്ങി. വണ്ണം കൂട്ടിയത് ആര്‍ക്കുവേണ്ടിയാണോ അദ്ദേഹവും തന്നെ ഉപേക്ഷിച്ചെന്ന് യുവതി പോസ്റ്റില്‍ പറയുന്നു.
വെയുമാമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും യുവതി പങ്കുവെച്ചിട്ടുണ്ട്. അതില്‍ വണ്ണമുള്ള സ്ത്രീകളെയാണ് തനിക്ക് ഇഷ്ടമെന്ന് വെയ് പറയുന്നുണ്ട്. തന്റെ മുന്‍കാമുകിമാരെല്ലാം വണ്ണമുള്ളവരായിരുന്നെന്നും വെയ് ചാറ്റില്‍ പറയുന്നു. ഇതോടെ സെങ് ശരീരഭാരം കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഏപ്രിലിലാണ് ഇക്കാര്യം വെയ് പറയുന്നത്. ജൂണ്‍ അവസാനിച്ചപ്പോഴേക്കും സെങ്ങിന്റെ ഭാരം 85 കിലോ ആയി വര്‍ധിച്ചു.
പിന്നീട് തനിക്ക് സ്ഥിരതയില്ലെന്നും സ്വാതന്ത്ര്യം വേണമെന്നും പറഞ്ഞ് സെങ്ങിനെ വെയ് ഉപേക്ഷിക്കുകയായിരുന്നു. ‘വിചാറ്റി’ല്‍ സെങ്ങിനെ വെയ് ബ്ലോക്കും ചെയ്തു. പിരിയുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കരുതെന്നും സെങ്ങ് പോസ്റ്റില്‍ പറയുന്നുണ്ട്.