ജി.പിയും ഗോപിക അനിലും വിവാഹിതരാകുന്നു; ആരാധകര്‍ക്ക് സപ്രൈസ്
നടനും ചാനല്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരാകുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ജി.പിയെന്ന് ആരാധകര്‍ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ
സസ്‌നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍’, ഗോവിന്ദ് പത്മസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ടെലിവിഷന്‍ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. സാന്ത്വനം എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനില്‍.