CrimeNEWS

ഇഫ്ളു ക്യാമ്പസില്‍ ലൈംഗികാതിക്രമം, ആറുമലയാളികളടക്കം പ്രതിഷേധിച്ച 11 വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

ഹൈദരാബാദ്: ഇഫ്ളുവില്‍ ( ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല) വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ച 11 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. വ്യാഴാഴ്ച രാത്രി നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതായി ആരോപിച്ച് സര്‍വകലാശാല പ്രോക്ടര്‍ ടി സാംസണ്‍ നല്‍കിയ പരാതിയില്‍ ഉസ്മാനിയ സര്‍വകലാശാല പൊലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒക്ടോബര്‍ 18നാണ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. 11 വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ അക്രമം പ്രോത്സാഹിപ്പിച്ചതായി സാംസണിന്റെ പരാതിയില്‍ പറയുന്നു. ക്യാമ്പസില്‍ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിക്കുന്നതിന് ഇവര്‍ കാരണമായതായും 200ഓളം വിദ്യാര്‍ഥികളെ അക്രമം നടത്താന്‍ ഇവര്‍ പ്രോത്സാഹിപ്പിച്ചതായും പ്രോക്ടറിന്റെ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തില്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്യാമ്പസിലെ തന്റെ വീട് ഉപരോധിച്ചത് തന്നെ ആക്രമിക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണെന്നും ടി സാംസണ്‍ ആരോപിക്കുന്നു. ക്യാമ്പസില്‍ നടന്ന അക്രമസംഭവങ്ങള്‍ തന്നെ മാനസികമായി ബാധിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Signature-ad

ദിവസങ്ങള്‍ക്ക് മുന്‍പ് ക്യാമ്പസില്‍ പലസ്തീന്‍ അനുകൂല പരിപാടി നടത്താനുള്ള എംഎസ്എഫ് നീക്കം പ്രോക്ടര്‍ തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച 11 എംഎസ്എഫ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇത് പ്രതികാര നടപടിയാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥിനിക്ക് നീതി ലഭിക്കണമെന്നും ക്യാമ്പസില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വൈസ് ചാന്‍സലറും പ്രോക്ടറും രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

 

 

 

Back to top button
error: