ടെല്‍ അവീവ്: ഹമാസ് ആക്രമണത്തിനിടെ തങ്ങളുടെ പൗരന്മാരെ രക്ഷിച്ച രണ്ടു മലയാളി കെയര്‍ഗിവര്‍മാരെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. സബിത, മീര മോഹനന് എന്നിവരെ ‘ഇന്ത്യന്‍ സൂപ്പര്‍വിമന്‍ ‘ എന്ന് വിശേഷിപ്പിച്ച് എംബസി എക്സില്‍ ( ട്വിറ്റര്‍ ) പങ്കുവച്ച കുറിപ്പ് വൈറലായി. തങ്ങള്‍ക്കുണ്ടായ അനുഭവം സബിത വിവരിക്കുന്നതിന്റെ ചെറു വീഡിയോയും പങ്കുവച്ചു.
എ.എല്‍.എസ് രോഗബാധിതയായ റാഹേല്‍ എന്ന സ്ത്രീയെ പരിചരിക്കുന്ന ഇരുവരും ഹമാസ് ഭീകരരോട് ധീരമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. സബിതയും മീരയും ജോലി ചെയ്തിരുന്ന ഗാസ അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിര് ഓസിലെ വീട്ടിലേക്കും ഭീകരരെത്തി. ഹമാസ് സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും സബിതയും മീരയും അപ്പോഴേക്കും റാഹേലുമായി സുരക്ഷാ മുറിയില്‍ അഭയം തേടിയിരുന്നു. ഭീകരര്‍ സുരക്ഷാ മുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സര്‍വശക്തിയുമെടുത്ത് വാതില്‍ ബലമായി അടച്ചുപിടിച്ചു.
വാതിലിന് നേരെ വെടിവയ്ക്കുകയും ചെയ്തു. ഏകദേശം നാലര മണിക്കൂറിന് ശേഷം ഭീകരര്‍ പിന്‍വാങ്ങി. മീരയുടെ പാസ്പോര്‍ട്ടും പ്രധാന രേഖകളടങ്ങിയ തന്റെ എമര്‍ജന്‍സി ബാഗുമടക്കം വീട്ടിലുണ്ടായിരുന്ന എല്ലാം ഹമാസ് ഭീകരര്‍ മോഷ്ടിച്ചിരുന്നതായി സബിത വീഡിയോയില്‍ പറയുന്നുണ്ട്.