പ്രായമേറുംതോറും അത് ഏറ്റവുമധികം ബാധിക്കുന്ന ഒരു ഭാഗം തീര്‍ച്ചയായും നമ്മുടെ ‘സ്കിൻ’ തന്നെയാണ്. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളും വരകളുമെല്ലാം മിക്കവരുടെയും ആത്മവിശ്വാസം കെടുത്തുകയും നിരാശ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ നാല്‍പതിന് ശേഷം ‘സ്കിൻ’ നാച്വറലായി തന്നെ തിളങ്ങിനില്‍ക്കാനും ആരോഗ്യമുള്ളതാക്കിനിര്‍ത്താനുമെല്ലാം സഹായിക്കുന്ന ചില ലളിതമായ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
പ്രധാനമായും നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത് ഭക്ഷണമാണ്. നമ്മള്‍ എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. സ്കിൻ കെയറിലും ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ നാല്‍പതിന് ശേഷവും സ്കിൻ ഭംഗിയുള്ളതാക്കി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് നേരത്തേ സൂചിപ്പിച്ച ടിപ്സ്. ഇവ ഏതെല്ലാമാണെന്ന് നോക്കാം…
ഒന്ന്…
ഫിഗ് അഥവാ അത്തിപ്പഴം പതിവായി കഴിക്കാവുന്നതാണ്. അയേണ്‍, പൊട്ടാസ്യം, വിവിധ വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ അത്തിപ്പഴം സ്കിൻ ഭംഗിയാക്കാൻ ഏറെ സഹായിക്കും.
രണ്ട്…
പയര്‍വര്‍ഗങ്ങളാണ് പതിവായി കഴിക്കേണ്ട മറ്റൊരു വിഭാഗം ഭക്ഷണം. ചര്‍മ്മത്തിന്‍റെ ആരോഗ്യം പിടിച്ചുനിര്‍ത്താൻ സഹായിക്കുന്ന ‘കൊളാജൻ’ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനാണ് പയര്‍വര്‍ഗങ്ങള്‍ പ്രധാനമായും സഹായിക്കുന്നത്. പച്ചപ്പയര്‍, ബീൻസ്, വൻ പയര്‍, ചന്ന എന്നിവയെല്ലാം ഇങ്ങനെ കഴിക്കാവുന്ന വിഭവങ്ങളാണ്.
മൂന്ന്…
വെള്ളത്തില്‍ കുതിര്‍ത്തുവച്ച ബദാം ആണ് കഴിക്കേണ്ട മറ്റൊന്ന്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആണ് ചര്‍മ്മത്തിന് ഏറെ പ്രയോജനപ്രദമാകുന്നത്. പ്രത്യേകിച്ച് ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനാണത്രേ ബദാം സഹായിക്കുന്നതും. ചര്‍മ്മം വലിഞ്ഞുതൂങ്ങുന്നത് തടയാനും ബദാം സഹായിക്കുന്നു.
നാല്…
ഇലക്കറികളും സ്കിൻ ഭംഗിയാക്കാൻ വേണ്ടി പതിവായി കഴിക്കാവുന്നതാണ്. ചീര, മുരിങ്ങ, ലെറ്റൂസ് എന്നിങ്ങനെയുള്ള ഇലക്കറികളെല്ലാം പതിവാക്കാവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘ക്ലോറോഫില്‍’ ആണ് ചര്‍മ്മത്തിന് പ്രയോജനപ്രദമാകുന്നത്. കൂടാതെ വൈറ്റമിൻ-സിയും ഇലക്കറികളെ ചര്‍മ്മത്തിന് അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു.
അഞ്ച്…
പൊതുവില്‍ ചര്‍മ്മത്തിന് ഏറെ ഗുണകരമായിട്ടുള്ളൊരു ഭക്ഷണമാണ് പപ്പായ. ഇതും നാല്‍പത് കടന്നവര്‍ സ്ഥിരമായി കഴിക്കുന്നത് ഏറെ നല്ലതാണ്. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളും നിറവ്യത്യാസവുമെല്ലാം അകറ്റുന്നതിനാണ് പപ്പായ സഹായിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, സി, കെ തുടങ്ങിയ ഘടകങ്ങളെല്ലാമാണ് ചര്‍മ്മത്തിന് ഗുണകരമായി വരുന്നത്.