IndiaNEWS

”നിരപരാധികളായ സ്ത്രീകളും കുട്ടികളും പിടഞ്ഞു വീഴുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയും?”

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഈ വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയുമെന്ന് ചോദിക്കുന്ന വേണുഗോപാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ രാജ്യാന്തര തലത്തില്‍ നടത്തുന്നതിന് ഇന്ത്യ മുന്‍കയ്യെടുക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തര മാനുഷിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്ന് പറഞ്ഞ വേണുഗോപാല്‍ തുടക്കത്തില്‍ ഇസ്രയേലില്‍ ഹമാസ് അഴിച്ചുവിട്ട ക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

Signature-ad

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇസ്രയേല്‍ പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്നു പറയാതെ വയ്യ. നിത്യേനയെന്നോണം നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈ കഴുകുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടു മുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്.

എന്നാല്‍ ഇസ്രയേലോ, പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു. കൃത്യമായ, ഗൗരവമാര്‍ന്ന ഇടപെടലുകള്‍ നടത്തി സമാധാനം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ടെന്നതു ചരിത്രം. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ ഇസ്രയേല്‍ പലസ്തീന്‍ ആക്രമണ പ്രത്യാക്രമണങ്ങളോടു ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തവുമല്ല. ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകൊഴമ്പന്‍ നിലപാട് കണ്ടു അദ്ഭുതം കൂറുകയാവും.

നിത്യേനയെന്നോണം നൂറുകണക്കിനു ജീവനുകളാണു അവിടെ പിടഞ്ഞു വീഴുന്നത്. ഗാസയിലെ ആശുപത്രിക്കു നേര്‍ക്കു നടന്ന വ്യോമാക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ മനുഷ്യര്‍. മനുഷ്യത്വരഹിതം എന്നൊരൊറ്റ വാക്കില്‍ പറഞ്ഞൊതുക്കാന്‍ കഴിയുന്ന സംഭവങ്ങളല്ല അവിടെ നടക്കുന്നത്. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകളാണെങ്ങും. നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയും?

ഇസ്രയേല്‍ ആണെങ്കിലും പലസ്തീന്‍ ആണെങ്കിലും രാജ്യാന്തര മാനുഷിക നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ട്. തുടക്കത്തില്‍ ഇസ്രയേലില്‍ ഹമാസ് അഴിച്ചുവിട്ട ക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷേ അവരെ ഈ സാഹചര്യങ്ങളിലേക്കു കൊണ്ടെത്തിച്ച ചരിത്ര പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അവിടെ നടന്നത് അങ്ങേയറ്റം ക്രൂരതയാണ്, മനുഷ്യത്വഹീനമായ നടപടികളാണ്. അതാണു തുടര്‍ ആക്രമണങ്ങളിലേക്കു നയിച്ചത്. പക്ഷേ അതിനുശേഷവും ഗാസയെ പാടേ തുടച്ചു നീക്കാനെന്നോണം ഇസ്രയേല്‍ അഴിച്ചുവിടുന്ന അതിക്രൂര ആക്രമണത്തിനു ചില ലോകരാഷ്ട്രങ്ങള്‍ പിന്തുണ നല്‍കുന്നതാണ് അദ്ഭുതാവഹം.

അതിനു പിന്‍പറ്റി ഇന്ത്യ നില്‍ക്കാന്‍ പാടില്ല. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനുവേണ്ടിയുള്ള ഇടപെടലുകള്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തുന്നതിന് ഇന്ത്യ മുന്‍കയ്യെടുക്കണം.ലോകരാജ്യങ്ങള്‍ക്കിടയില്‍ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോര്‍ക്കണം. അതിനു തക്ക പക്വതയാണ്, ഗൗരവമാണ് ഇന്ത്യാ രാജ്യത്തില്‍ നിന്നു ലോകം പ്രതീക്ഷിക്കുന്നതും.

 

 

Back to top button
error: