KeralaNEWS

പ്രളയം നൽകുന്ന  പാഠങ്ങളും ഒരിക്കലും പഠിക്കാത്ത മലയാളികളും!

രോ മഴയ്ക്കും നമ്മുടെ നിരത്തുകളിൽ വെള്ളം പൊങ്ങും.ഓരോ വേനൽക്കാലത്തും നമ്മൾ കുടിവെള്ളത്തിനായി ഓടിനടക്കും.ഈ രണ്ടു സന്ദർഭങ്ങളിലും സർക്കാരിനെ നമ്മൾ തെറിയും വിളിക്കും.എത്രയോ കാലങ്ങളായി തുടരുന്ന പ്രക്രിയ.
നാലഞ്ചു വർഷങ്ങൾക്കു മുൻപ് തുടർച്ചയായ പ്രളയത്തിൽ കേരളം ഒന്നടങ്കം മുങ്ങിപോയിരുന്നു.അതിനോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ… തുടങ്ങിയ പ്രശ്നങ്ങളും.എത്ര ജീവൻ ഇതിൽ ഒലിച്ചുപോയി ? വ്യക്തമായ കണക്കുകൾ ആരുടെ കൈയ്യിലുണ്ട്?
മലയല്ലാതായിത്തീർന്ന പുത്തുമലയ്ക്കു മീതെ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.ഒരു കൂട്ടം മനുഷ്യരുടെ ആർത്തിയിൽ അനങ്ങാനോ കരയാനോ കഴിയാതെ ഞെരിഞ്ഞുപോയ ജീവിതങ്ങളുടെ കണ്ണീരുപോലെ. എങ്ങനെയാണ് മനസ്സാക്ഷിയുള്ള ഒരു സമൂഹം അവരുടെ ആത്മാക്കളോട് മറുപടി പറയുക.എന്ത് മനുഷ്യാവകാശത്തെപ്പറ്റിയായിരിക്കും നാം ഇതിനുമുമ്പ് അവരോട് വാതോരാതെ സംസാരിച്ചിരിക്കുക.
 വയലുകൾ നികത്തിയും നദികൾ കൈയ്യേറിയും മലകൾ തുരന്നും പാറകൾ പൊട്ടിച്ചും കുന്നിൻ മുകളിൽ വാട്ടർ തീം പാർക്കുകൾ പണിതും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചവർ ഇന്നും ഈ ഭൂമിമലയാളത്തിൽ സ്വസ്ഥമായി കഴിയുന്നുണ്ട്.ഈ ദുരന്തങ്ങൾക്കൊക്കെ എന്ത് ന്യായീകരണമായിരിക്കും അവർക്ക് പറയാനുള്ളത് !!
 കേരളത്തിലെ മലകളായ മലകൾ മുഴുവൻ ക്വാറികളാണ്.ഒരു നിയന്ത്രണവുമില്ലാതെയാണ് ഇവർക്ക് ലൈസൻസ് കൊടുക്കുന്നത്.ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് വേറെ! അന്ന് ഉരുൾ പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം അധികൃതവും അല്ലാത്തതുമായ ഇരുപത്തിയേഴു ക്വാറികൾ ഉണ്ടെന്നായിരുന്നു  പുറത്തുവന്ന വിവരം.ഇനി പറയൂ,ഉരുൾ പൊട്ടലുണ്ടാക്കിയത് പ്രകൃതിയോ അതോ മനുഷ്യനോ ?
 പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ മണ്ണിടിച്ചിലിന്റെ  വ്യാപ്തി കുറച്ചെങ്കിലും മനസ്സിലാക്കാൻ  കഴിയുമെങ്കിൽ ഇവർക്കെതിരെ മനപൂർവ്വമായ നരഹത്യക്കുതന്നെ കേസെടുക്കേണ്ടതില്ലേ സർ ?
 കേരളത്തിലെ അനധികൃത ഫ്ലാറ്റു നിർമ്മാണം,വയൽ നികത്തൽ,വനഭൂമി കൈയ്യേറ്റം, ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ ക്വാറികളുടെ പ്രവർത്തനം.. മുതലായവയ്ക്ക് ഇനിയെങ്കിലും മൂക്കുകയറിടേണ്ടേ സർ..?
 ഇവരൊക്കെയാണ് സർ ഈ ദുരന്തങ്ങളുടെ കാരണക്കാർ.ഇവരെ സംരക്ഷിക്കാൻ ഭരണകൂടം(അത് ഏതുമായിക്കൊള്ളട്ടെ) ഉണ്ടാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് സർ ഇതെഴുതുന്നത്.കേരളത്തിന്റെ  അവസാനത്തെ കല്ലും വെട്ടിയെടുക്കും വരെ ഇവർ ഇവിടെത്തന്നെ ഉണ്ടാകും എന്നും അറിയാം സർ.അതുവരെ കേരളം ബാക്കിയുണ്ടാകുമോ എന്നൊരു സംശയം മാത്രമെ ഇപ്പോൾ ഞങ്ങൾക്കുള്ളൂ !!
 നിലമ്പൂരിനെയും വായനാടിനെയും വേർതിരിക്കുന്ന പശ്ചിമ ഘട്ട മലനിരകളിൽ പലയിടത്തും അന്ന് വ്യാപകമായ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി.അതുകൊണ്ടാണ്  വ്യാപകമായി നദികളിൽ വെള്ളം പൊങ്ങിയതും ദുരന്തത്തിന്റെ വ്യാപ്തി അത്രകണ്ട് വർധിച്ചതും.
 പറഞ്ഞുവരുന്നത് ഇതാണ് സർ… ഗാഡ്ഗിൽ റിപ്പോർട്ട് നമുക്ക് വീണ്ടുമൊന്ന് ചർച്ച ചെയ്യണ്ടേ..? അതെ,സർ.. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്;ഈ ഭൂമിമലയാളത്തിന്റ നിലനിൽപ്പിന് അത്യാവശ്യവുമാണ്!
 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകളും വൃക്ഷനിബിഡമായ വനങ്ങളും ഉൾക്കൊള്ളുന്ന കേരളത്തിന്റെ സുരക്ഷാ കോട്ടയാണ് സർ പശ്ചിമഘട്ടം.അതിനെ മറന്നുകൊണ്ട് ഇവിടെ ഒരു ജീവിതം സാധ്യമാകുന്നില്ല.ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു:
“അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമലയും നീലഗിരിയും ഉയർന്ന മാർവിടങ്ങളായും പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട്.നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചിചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതിസമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്..
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട.നാലോ അഞ്ചോ വർഷം മതി.അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും.ആരാണ് കള്ളം പറയുന്നത്,ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ അന്ന് മനസ്സിലാകും”
                     ( മാധവ് ഗാഡ്ഗിൽ 2013)
 കേരളത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും വായിക്കേണ്ട റിപ്പോർട്ടാണ് സർ ഇത്.ഒരു പക്ഷെ കേരളത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെയെല്ലാം ഒരേയൊരു പോംവഴിയും ഇതു മാത്രമാകും.
 ഈ ഭൂമി നാം കഴിഞ്ഞ തലമുറയിൽ നിന്നും കടംകൊണ്ടതാണ്.അത് വരും തലമുറകൾക്ക്‌ ഭദ്രമായി കൈമാറാൻ കൂടിയുള്ളതാണ്.നമ്മുടെ അത്യാഗ്രഹം,വികസന ദാഹം ഒക്കെ ഒന്നുകൂടി ശാസ്ത്രീയമായി വിലയിരുത്തുക.അതിനനുസരിച്ചു വികസന നയങ്ങൾ പുനഃക്രമീകരിക്കുക..എന്നു മാത്രമേ പറയാനുള്ളൂ സർ.
 അതുകൊണ്ട് ഇനിയും നമുക്ക് പ്രകൃതിയെ കൊല്ലാതിരിക്കാം.നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്താതിരിക്കാം.മുറ്റത്തെ ടൈലുകൾ എടുത്ത് ദൂരെ കളയാം.ക്വാറികളും പുഴകൾ കൈയ്യേറിയുള്ള ഫ്ലാറ്റ് നിർമ്മാണവും നിർത്തലാക്കാം.അങ്ങനെ പലതും!
 അതിനായി ആദ്യം ജനങ്ങളെയാണ് സർ ഒരുക്കി എടുക്കേണ്ടത്.എങ്ങനെ പരിസ്ഥിതി സംരക്ഷിക്കാം എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാമെന്നും എങ്ങനെ നന്നായി വണ്ടി ഓടിക്കാമെന്നും വെള്ളം എങ്ങനെ പാഴാക്കാതിരിക്കാം എന്നും  ഒക്കെയുള്ള പ്രാഥമിക പാഠങ്ങൾ ഗൗരവമായി തന്നെ അവർക്ക് പഠിപ്പിച്ചു കൊടുക്കണം.ഇനി ഇവിടെ അത്യാവശ്യത്തിനുള്ള പ്രകൃതി വിഭവങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നും നമ്മുടെ അത്യാഗ്രഹത്തിനും അഹന്തക്കും അനുസരിച്ച് എടുക്കാനുള്ളതല്ല പ്രകൃതിവിഭവങ്ങൾ എന്നും അവരെ നല്ല രീതിയിൽ ബോധവൽക്കരിക്കുകയും വേണം.
  ഇത് അവസാന അവസരമാണ് സർ.
അതിനാൽ മുന്നറിയിപ്പുകൾ അവഗണിക്കരുത്.ഒരു പക്ഷെ ഇനി പ്രകൃതി ഒരുക്കുന്നത് കേരളം മൊത്തം ഇല്ലാതാക്കുന്ന സംഹാരതാണ്ഡവമായിരിക്കും.
ജാഗ്രത. കരുതൽ… അതാണാവശ്യം..!
ഒരു ഗവൺമെന്റിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതും ഇതാണ്.
അതെ,സാർ.. പ്രകൃതി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്;പ്രളയം നൽകുന്ന പാഠങ്ങളും !!

Back to top button
error: