KeralaNEWS

വിഴിഞ്ഞം ആരുടെ കുഞ്ഞ്? തുറമുഖത്തിന്റെ ക്രഡിറ്റിനായി പോരടിച്ച് സിപിഎമ്മും കോണ്‍ഗ്രസും

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് അവകാശവാദം തുടരുകയാണ്. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയതിന് പിന്നാലെയാണ് പദ്ധതിയുടെ പേരില്‍ യുഡിഎഫും കോണ്‍ഗ്രസും രംഗത്തുവന്നത്. വിഴിഞ്ഞത്ത് തുറമുഖം വരാന്‍ കാരണം ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് സര്‍ക്കാരുമാണെന്ന് കോണ്‍ഗ്രസ് വാദിക്കുമ്പോള്‍ പദ്ധതി തടസ്സപ്പെടുത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ അതിവേഗത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമായതെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് പദ്ധതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി കരാറിലെ ചൈന ബന്ധം ആരോപിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയായിരുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു. അന്ന് ആന്റണി അനുമതി നല്‍കിയിരുന്നുവെങ്കില്‍ തുറമുഖം നേരത്തെ വന്നേനെയെന്ന് മന്ത്രി പറഞ്ഞു.

Signature-ad

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ വിഴിഞ്ഞം തുറമുഖം രേഖപ്പെടുത്തുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കുന്നത്. 5,000 കോടിയുടെ വിഴിഞ്ഞം പദ്ധതിയില്‍ 6,000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അഴിമതിയും ആരോപിച്ചത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ആര്‍ജവും ദീര്‍ഘവീക്ഷണവും വ്യക്തമാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറമുഖ കവാടത്തിന് മുന്നില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തുകയും ഉമ്മന്‍ ചാണ്ടി ഇന്റര്‍നാഷണല്‍ സി പോര്‍ട്ടെന്ന് പ്രതീകാത്മകമായി പേരും നല്‍കി.

1940ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമസ്വാമി അയ്യര്‍ ആണ് വിഴിഞ്ഞത്തൊരു തുറമുഖം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കുന്നത് വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റിയും ഏലിയാസ് ജോണും ചേര്‍ന്നാണ്.

ആദ്യഘട്ടം വിഴിഞ്ഞം പദ്ധതി വലിയ സ്വീകാര്യത നേടിയില്ലെങ്കിലും തുടര്‍ന്ന് ആവശ്യം ശക്തമാക്കിയെടുക്കാന്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയം ഏറ്റെടുക്കുകയും അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി എം വിജയകുമാര്‍ വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ എല്ലാകാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2009ല്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ വി.എസ് സര്‍ക്കാര്‍ ലോക ബാങ്കിന്റെ അംഗമായിട്ടുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ ചുമതലപ്പെടുത്തുന്നു. വിദേശ നിക്ഷേപം നടത്തുന്നതിലുള്‍പ്പടെ പഠനം നടത്തുകയായിരുന്നു ലക്ഷ്യം.

2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകി. പദ്ധതിയുടെ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന നിഗമനത്തിലായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, 2014ല്‍ പദ്ധതി നടത്തിപ്പിനുള്ള പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇതിനിടെ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളുടെ പേരില്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയരുകയും ചെയ്തു. ലത്തീന്‍ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വലായിരുന്നു പ്രതിഷേധങ്ങള്‍.

2015ലാണ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ വിളിക്കുന്നത്. ആദ്യമെത്തിയ ചൈനീസ് കമ്പനിക്ക് സുരക്ഷാ അനുമതി ലഭിക്കാതെ വന്നതോടെ രണ്ടാം ഘട്ടത്തില്‍ ലാന്‍കോ ഗ്രൂപ്പിന് ടെണ്ടര്‍ ലഭിച്ചു. എന്നാല്‍ കേരള ഹൈക്കോടതിയില്‍ സൂം ഡെവലപ്പേഴ്സ് ഹര്‍ജി നല്‍കിയതോടെ ലാന്‍കോ ഗ്രൂപ്പ് നിര്‍മാണ ടെണ്ടറില്‍ നിന്നും പിന്മാറി. തുടര്‍ന്ന് 2015 ല്‍ യുഡിഎഫ് കാബിനറ്റ് പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കി. ഈ ഘട്ടത്തിലാണ് ടെണ്ടറില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങള്‍ മറന്ന് പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. കമ്പനിയും സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നു. ഇതിനിടയില്‍ തുറമുഖത്തിന്റെ നിര്‍മാണവും പ്രവര്‍ത്തനവും ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. പദ്ധതിയുടെ ആദ്യഘട്ടം 2022 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. 2021ല്‍ ഭരണമാറ്റം സംഭവിക്കാത്തത് പദ്ധതിയുടെ നടത്തിപ്പിന് അനുകൂല സാഹചര്യമുണ്ടായി.

ഇതിനിടെ ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് വീണ്ടും സമരം ആരംഭിച്ചു. സമരക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എത്രസമയം നടന്നാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി വരുന്നതോടെ ബാധിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസവും, നഷ്ടപരിഹാരവും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തതോടെ പ്രതിഷേധം അവസാനിച്ചു. 2023 ഒക്ടോബര്‍ 12നു ക്രെയിനുകള്‍ വഹിച്ചുകൊണ്ടുള്ള ആദ്യ കപ്പല്‍ വിഴിഞ്ഞം തീരത്ത് എത്തിയതോടെ സംസ്ഥാനത്തിന്റെ അഭിമാനമായി പദ്ധതി മാറുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ യാഥാര്‍ത്ഥ്യമാകുന്നതില്‍ ഇടത് – വലത് മുന്നണികള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്നാണ് പദ്ധതിയുടെ ചരിത്രം വ്യക്തമാക്കുന്നത്.

 

Back to top button
error: