കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുറപ്പുഴ മഠം ഭാഗത്ത് നീരൊഴുക്കിൽ വീട്ടിൽ ജോൺ എൻ.എം (57) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ബസ് ജീവനക്കാരനായ ഇയാളുടെ സുഹൃത്തും ചേർന്ന് കഴിഞ്ഞമാസം 29 ആം തീയതി വൈകിട്ട് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് മറ്റൊരു ബസ്സിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.
പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളുടെ സുഹൃത്തായ സച്ചിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടുന്നത്. ഇയാൾക്ക് തൊടുപുഴ, കരിങ്കുന്നം, മണർകാട്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജു പി.എസ്, എസ്.ഐ വിപിൻ, സി.പി.ഓ മാരായ യേശുദാസ്, അജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.