IndiaNEWS

ഇനി ശ്രീലങ്കയിലേക്ക് കപ്പലില്‍ പോകാം: കേവലം 3 മണിക്കൂർ യാത്ര; വിമാനത്തിന്റെ പകുതി നിരക്ക്

   ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് കപ്പല്‍ സർവ്വീസ് ആരംഭിച്ചു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാസഞ്ചർ ഫെറി സർവീസ് ഏകദേശം 12 വർഷത്തിന് ശേഷമാണ് ആരംഭിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക കാല്‍വെപ്പാണ് ഈ യാത്രാക്കപ്പല്‍ സര്‍വീസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയ്ക്കും ഇടയിലാണ് ചെറുകപ്പല്‍ സര്‍വീസ് നടത്തുക. 60 നോട്ടിക്കല്‍ മൈല്‍ താണ്ടാന്‍ ഏകദേശം മൂന്നുമണിക്കൂറെടുക്കും. ക്യാപ്റ്റന്‍ ബിജു ബി. ജോര്‍ജിന്റെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന സംഘം ഞായറാഴ്ച പരീക്ഷണയാത്ര നടത്തിയിരുന്നു.

Signature-ad

ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാനും ചരിത്രപരമായ ബന്ധം അടുത്തറിയാനും കപ്പല്‍യാത്ര അവസരമൊരുക്കുമെന്ന് സര്‍വീസിന് നേതൃത്വംനല്‍കുന്ന ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിന്നാണ് ചെറുകപ്പല്‍ പുറത്തിറക്കിയത്. പൂര്‍ണമായും ശീതീകരിച്ച ഇതില്‍ 150 പേര്‍ക്ക് യാത്ര ചെയ്യാനാവും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപ നല്‍കേണ്ടി വരും. 40 കിലോ സൗജന്യ ബാഗേജ് അനുവദിക്കും. ചെന്നൈയില്‍ നിന്നുള്ള വിമാന യാത്രാനിരക്ക്  15000 രൂപയിലേറെയാണ്. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

രാമേശ്വരത്തിനും വടക്കന്‍ ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിലുള്ള കപ്പല്‍ സര്‍വീസ് 1982-ല്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് രണ്ടാം യു.പി.എ. സര്‍ക്കാര്‍ തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അഞ്ചുമാസത്തിനകം നിര്‍ത്തി.1900-കളുടെ തുടക്കത്തിലെ നാവിക ബന്ധങ്ങളുടെ പുനരുജ്ജീവനമാണ് പുതിയ ഫെറി സംവിധാനം.

ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന ഏറ്റവും വിജയകരമായ ഫെറി സർവീസുകളിലൊന്ന് രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലായിരുന്നു. ചെന്നൈയിൽ നിന്നുള്ളവർ എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽ ബോട്ട് മെയിൽ എക്‌സ്‌പ്രസിൽ രാമേശ്വരത്ത് പോയി ഫെറിയിൽ കയറും. അവിടെ നിന്ന് കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആവി ഫെറിയിൽ തലൈമന്നാറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമാണ് ഉണ്ടായിരുന്നത്.

ഇരു രാജ്യങ്ങളിലെയും തീരപ്രദേശങ്ങളിൽ മതപരമായ ടൂറിസം, വാണിജ്യം, വ്യാപാരം എന്നിവ വർധിപ്പിക്കാൻ പുതിയ ഫെറി സർവീസിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗമായി ഫെറി സർവീസ് സ്ഥാപിക്കുന്നതോടെ വിനോദ സഞ്ചാരനവും കുതിച്ചുയരും. തമിഴ്‌നാട്ടിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ബജറ്റ് യാത്രക്കാർക്ക് കൊളംബോയിലെയും ശ്രീലങ്കയുടെ തെക്കൻ പ്രദേശങ്ങളിലെയും പ്രമുഖ ആരാധനാലയങ്ങളിലേക്ക് എത്താനും ഫെറിസ സർവ്വീസിലൂടെ സാധിക്കും.

Back to top button
error: