IndiaNEWS

ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍; 9 മലയാളികള്‍ ഉള്‍പ്പടെ 212 പേര്‍

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. ‘ഓപ്പറേഷന്‍ അജയ്’ എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Signature-ad

വ്യാഴാഴ്ച രാത്രിയാണ് ദൗത്യത്തില്‍ ടെല്‍അവീവില്‍നിന്നു വിമാനം പുറപ്പെട്ടത്. ഇസ്രയേലില്‍ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്രപേര്‍ തിരിച്ചുവരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഗാസയില്‍ നാലും വെസ്റ്റ്ബാങ്കില്‍ 1012 ഇന്ത്യക്കാരുമുണ്ട്. താല്‍പര്യമെങ്കില്‍ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും.

ഡല്‍ഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഇസ്രയേലില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റെ വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Back to top button
error: