ഇടുക്കി: മറയൂര്‍ ബാബുനഗറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. റിസോര്‍ട്ടും വാഹനങ്ങളും തല്ലിത്തകര്‍ത്തു. ഇരു കൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. പുതച്ചിവയല്‍ സ്വദേശിയായ യുവാവും ബാബുനഗര്‍ സ്വദേശികളായ ചില ഡ്രൈവര്‍മാരുമാണ് ഏറ്റുമുട്ടിയത്. ഇതില്‍ ഒരുഡ്രൈവര്‍ക്ക് കുത്തേറ്റു.
സംഘട്ടനത്തിനുശേഷം മുഖംമറച്ചെത്തിയ അക്രമിസംഘം പൂതച്ചിവയല്‍ സ്വദേശിയായ യുവാവിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കെട്ടിടവും വാഹനങ്ങളും അടിച്ചു തകര്‍ത്തു. ഡ്രൈവര്‍മാരാമായ സന്തോഷ് (38), അജി (30), ആനമുടി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകനായ മാത്യു (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മാത്യുവിന്റെ റിസോര്‍ട്ടിന് പിന്നിലിരുന്ന് ഡ്രൈവര്‍മാര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവരും മാത്യുവുമായി മുന്‍പ് മുന്‍പ് വഴക്കുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പിന്നെയും തര്‍ക്കം തുടര്‍ന്നുവന്നിരുന്നു.
ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങി. മൂവര്‍ക്കും കാര്യമായ പരിക്കേറ്റു. ഇതിനിടെ സന്തോഷിന് എന്തോ ആയുധംവെച്ച് കുത്തേറ്റു. അജിയുടെ കാലിനാണ് പരിക്ക്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ മാത്യുവിനെ ബാബുനഗറിന് അരക്കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ റിസോര്‍ട്ടില്‍നിന്നാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത്.
അറസ്റ്റും രേഖപ്പെടുത്തി. ഇതിനുശേഷം 10.45-ന് ഒരുസംഘം ആയുധങ്ങളുമായി റിസോര്‍ട്ടിലെത്തി. ഇവര്‍ റിസോര്‍ട്ടിന്റെ ഉള്ളില്‍ കയറി എല്ലാം തകര്‍ത്തു. ഉടമയുടെ രണ്ടു കാറുകളും ബൈക്കും തല്ലിതകര്‍ത്തു. റിസോര്‍ട്ടിന്റെ ചില്ലുകള്‍, രണ്ടു ടി.വി, സി.സി.ടി.വി. ക്യാമറകള്‍, ഇലക്ട്രോണിക്സ് ബോര്‍ഡുകള്‍ എന്നിവയെല്ലാം നശിപ്പിച്ചു. ഈ റിസോര്‍ട്ട് മറ്റൊരാള്‍ കരാറിനെടുത്തിരിക്കുകയായിരുന്നു. ഇവര്‍ റിസോര്‍ട്ടില്‍ സജ്ജമാക്കിയിരുന്ന സൗകര്യങ്ങളെല്ലാം നശിപ്പിച്ചു. മാത്യുവിനെതിരേ വധശ്രമത്തിനും എതിര്‍വിഭാഗത്തിനെതിരേ റിസോര്‍ട്ട് തല്ലിതകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു.