ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമൂല്യമുള്ള ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന കാര്യത്തിൽ ആർക്കും സംശയങ്ങൾ കാണില്ല.ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിലും കേരള ബ്ലാസ്റ്റേഴ്സ് മുൻപന്തിയിലുണ്ട്.
ഈ സീസണിൽ മികച്ച ഒരു തുടക്കം ക്ലബ്ബിന് ലഭിച്ചിട്ടുണ്ട്.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്.എന്നാൽ ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
2016 മുതൽ 2019 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓരോ മത്സരങ്ങൾക്കും സുരക്ഷ ഒരുക്കിയതിന്റെ പണം ഇപ്പോഴും ക്ലബ് കേരള പോലീസിന് നൽകിയിട്ടില്ല. അതായത് കൊച്ചിയിലെ ഓരോ മത്സരത്തിനും ഏകദേശം 650 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് കേരള പോലീസ് വിട്ടു നൽകാറുള്ളത്. ഇത്തരത്തിൽ മൂന്ന് വർഷത്തെ തുകയായി ഒരു കോടി 30 ലക്ഷത്തിലധികം രൂപയാണ് പോലീസിന് ബ്ലാസ്റ്റേഴ്സ് നൽകാനുള്ളത്.
ഈ പണം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് കേരള പോലീസിന് നൽകിയിട്ടില്ല. ഇത് എഴുതിത്തള്ളാൻ വേണ്ടി ക്ലബ്ബ് കേരള ഗവൺമെന്റിന് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു.എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല.
ഉടൻതന്നെ പണം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പോലീസ് മേധാവി ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചതായാണ് വിവരം.