നെടുമുടി.. അതൊരു സ്ഥലപ്പേര് മാത്രമായിരുന്നില്ല.അഭിനയ കലയുടെ കൊടുമുടി കീഴടക്കിയ ഒരുവന്റെ പേര് കൂടിയായിരുന്നു അത്.കള്ളും കപ്പയും നിത്യ ജീവിതത്തിന്റെ ഭാഗമെങ്കിലും കള്ളവും കാപട്യവും ഒട്ടുമില്ലാത്ത ജനങ്ങൾ പാർക്കുന്ന കുട്ടനാട്ടിലെ ഒരു സ്ഥലം.
ആലപ്പുഴ-ചങ്ങനാശേരി റോഡിലാണ് നെടുമുടി.ഇവിടെ അടുത്തുള്ള കാവാലം എന്ന സ്ഥലവും മലയാളികൾ ഒരിക്കലും മറക്കാൻ വഴിയില്ല.തോടും കായലും തുരുത്തും നിറഞ്ഞ കുട്ടനാടൻ ജീവിതപരിസരങ്ങളിൽ നിന്ന് സിനിമയുടെയും സാഹിത്യത്തിന്റെയുമൊക്കെ കൊടുമുടി നീന്തിക്കയറിയവർ ഇനിയും ഒരുപാടുണ്ട്, തകഴിയെപ്പോലെ.
ഇതിൽ നെടുമുടി വേണു ആയിരുന്നു മുമ്പൻ.സാംസ്‌കാരിപ്രവർത്തകൻ, പത്രപ്രവർത്തകൻ , അഭിനേതാവ് ,തിരക്കഥാകൃത്ത് , സംവിധായകൻ ,നല്ലൊരു കവിതാ പാരായണക്കാരൻ ,മൃദംഗ വിദ്വാൻ , പുസ്തകരചയിതാവ് തുടങ്ങി നെടുമുടി കൈവെക്കാത്ത മേഖലകൾ വിരളം.നല്ലൊരു ഗായകനും കൂടിയായിരുന്നു അദ്ദേഹം.
1987 ൽ പുറത്തിറങ്ങിയ സർവ്വകലാശാല എന്ന സിനിമയിൽ പാട്ടുപാടിക്കൊണ്ട് തന്നെ നെടുമുടി വേണു പ്രത്യക്ഷപ്പെടുന്നുണ്ട്.
“അതിരുകാക്കും മലയൊന്നുതുടുത്തേ .തുടുത്തേ തകതകതാ ….” കാവാലം നാരായണപ്പണിക്കരുടെ വരികളും നെടുമുടിയുടെ താളബോധവും രണ്ടും കൂടിച്ചേർന്നപ്പോൾ അത് ഹിറ്റായി, കാലഘട്ടത്തിന്റെ കവിതയായി മാറിഎന്നതും സത്യം.
‘തുരക്കണം തകർക്കണം ഈ മഹാമാരിയെ ,കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം”
കോവിഡ്19 നെതിരെ അതിജീവനത്തിൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചുകൊണ്ട് ജനങ്ങളിൽ കരുതലും ജാഗ്രതയും വർദ്ധിപ്പിക്കാൻ തോളിൽ എടക്കയും തൂക്കി ഗാനാർച്ചനയുമായി മുന്നിട്ടിറങ്ങിയ ആളുമാണ് നെടുമുടി വേണു.ഒടുവിൽ അദ്ദേഹത്തെയും കോവിഡ് പിടികൂടി. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതും. ഇതിന് പുറമേ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.അതൊ ടുവിൽ ആ വിലപ്പെട്ട ജീവനും അപഹരിച്ചു.
സിനിമയിലെ അഭിനയമികവിന് 6 കേരള സംസ്ഥാന
അവാർഡും 2 ദേശീയ അവാർഡും നെടുമുടി കരസ്ഥമാക്കിയിട്ടുണ്ട്. വേണുഗോപാൽ എന്ന നെടുമുടിവേണു ജനിച്ചതും വളർന്നതുമെല്ലാം ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന ആ കൊച്ചു കുട്ടനാടൻ ഗ്രാമത്തിലായിരുന്നു.മറ്റെല്ലാ കുട്ടനാട്ടുകാരെയും പോലെ ഗ്രാമത്തിന്റെ നിഷ്കളങ്കതയും വിശുദ്ധിയും നർമ്മവും അപരിചതരോടുപോലുമുള്ള സൗഹൃദവും എന്നും നെടുമുടി വേണുവും കാത്തു സൂക്ഷിച്ചിരുന്നു.
പി .കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിഅമ്മയുടെയും ഇളയമകനായി 1948 മെയ് 22 നായിരുന്നു നെടുമുടി വേണുവിന്റെ ജനനം. ഒടുവിൽ 11 ഒക്ടോബർ 2021- ന് ആ ജീവിതത്തിന് തിരശ്ശീല വീണു.