
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ആം ആദ്മി എംഎല്‍എ അമാനത്തുളള ഖാന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒഖ്ല മണ്ഡലം എംഎല്‍എയാണ് അമാനത്തുളള ഖാന്. ഡല്‍ഹി വഖഫ് ബോര്‍ഡിലേക്കുള്ള റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷന്‍ ബ്യൂറോയും സിബിഐയും സമര്‍പ്പിച്ച എഫ്ഐആറും ഇഡി പരിശോധിച്ചിരുന്നു. ഡല്‍ഹി വഖഫ് ബോര്‍ഡിലെ അധ്യക്ഷന്‍ കൂടിയാണ് അമാനത്തുളള.
അടുത്തിടെ, ഡല്‍ഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. എംപിയുമായി അടുത്ത ബന്ധമുളള പലരുടെയും വീടുകളില്‍ നേരത്തേയും ഇഡി പരിശോധിച്ചിരുന്നു.
മദ്യനയകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യവസായിയായ ദിനേഷ് അറോറ സഞ്ജയ് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വസതിയില്‍ കണ്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒരു പരിപാടിയില്‍ സഞ്ജയ് സിംഗിനെ കണ്ടിരുന്നതായും തുടര്‍ന്നാണ് മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുമായി അടുപ്പത്തിലായതെന്നും ദിനേഷ് ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഇഡി റിപ്പോര്‍ട്ട് അനുസരിച്ച് മനീഷ് സിസോദിയയുടെ അണ്‍പ്ലഗ്ഡ് കോര്‍ട്ട്യാര്‍ഡ് എന്ന റെസ്റ്റോറന്റില്‍ നടന്ന വിരുന്നിനിടയിലാണ് പ്രതിയായ ദിനേഷ് അറോറയും സഞ്ജയ് സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനുളള പണസമാഹാരത്തിനായി എംപിയുടെ നിര്‍ദ്ദേശപ്രകാരം ദിനേഷ് പല റെസ്റ്റോറന്റ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 32 ലക്ഷം രൂപയാണ് സിസോദിയക്ക് ദിനേഷ് കൈമാറിയത്. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട ദിനേഷിന്റെ ഒരു പ്രശ്നം സഞ്ജയ് സിംഗ് പരിഹരിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.






