മത്സരത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സിൻ്റെ വിജയലക്ഷ്യം 41.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കിങ് കോഹ്ലിയുടെയും കെ എല്‍ രാഹുലിൻ്റെയും തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
200 റണ്‍സിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വമ്ബൻ തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഇഷാൻ കിഷനെ നഷ്ടമായ ഇന്ത്യയ്ക്ക് തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയെയും ശ്രേയസ് അയ്യരിനെയും നഷ്ടമായി. മൂവരും റണ്‍സ് ഒന്നും നേടാതെയാണ് പുറത്തായത്.
എന്നാല്‍ തകര്‍ച്ചയില്‍ കിംഗ് കോഹ്ലിയും കെ എല്‍ രാഹുലും ഇന്ത്യയുടെ രക്ഷകരായി മാറുകയായിരുന്നു.നാലാം വിക്കറ്റില്‍ 164 റണ്‍സ് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടിചേര്‍ത്തു. കോഹ്ലി 116 പന്തില്‍ 85 റണ്‍സ് നേടി പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 115 പന്തില്‍ 8 ഫോറും 2 സിക്സും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സ് അടിച്ചുകൂട്ടി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 49.3 ഓവറില്‍ 199 റണ്‍സ് നേടുവാൻ മാത്രമാണ് സാധിച്ചത്. 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 41 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ഓസ്ട്രേലിയൻ നിരയില്‍ പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകര്‍ത്തത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മൊഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഒക്ടോബര്‍ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.