KeralaNEWS

കുടുംബശ്രീ പരിപാടിയില്‍ തട്ടമൂരി പ്രതിഷേധിച്ച് വി.പി സുഹ്‌റ; അക്രമാസക്തനായി പിടിഎ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമര്‍ശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്‌റ പ്രതിഷേധിച്ചത്. പരിപാടിയില്‍ അതിത്ഥിയായിരുന്ന വി.പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതില്‍ പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. പിടിഎ പ്രസിഡന്റ്, സുഹ്‌റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി.പി സുഹ്‌റ നല്ലളം പൊലീസില്‍ പരാതി നല്‍കി.

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്ന് സുഹ്‌റ പ്രതികരിച്ചു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്നാണ് ഉമ്മര്‍ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്‌റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ തന്നെ അധിക്ഷേപിച്ചെന്നും സുഹ്‌റ പറയുന്നു.

Signature-ad

അതേസമയം, തട്ടം വിവാദത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സമസ്തയിലെ ലീഗനുകൂല നേതാവിന്റെ ചുവട് മാറ്റം. വിവാദത്തില്‍ തുടക്കം മുതല്‍ ലീഗിനൊപ്പം നിന്ന അബ്ദുസമദ് പൂക്കോട്ടൂരാണ് ഇന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെ രംഗത്തെത്തിയത്. സലാം സമസ്ത അധ്യക്ഷനെതിരെ വിമര്‍ശനം നടത്തിയപ്പോള്‍ അതിനെതിരെ സംഘടനാനേതാക്കള്‍ ലീഗ് ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു. ഈ പ്രതിഷേധത്തില്‍ ഒപ്പ് വെക്കാതെ മാറി നിന്ന അബ്ദുസമദ് പൂക്കോട്ടുരാണിപ്പോള്‍ സലാമിന് വീഴ്ച പറ്റിയെന്ന നിലപാടുമായി മുന്നോട്ട് വന്നത്.

തട്ടം വിവാദത്തില്‍ പ്രതികരിക്കാതിരുന്ന സമസ്ത നേതാക്കളെ സിപിഎം പക്ഷപാതികളായി മുദ്രകുത്താന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം സമസ്തയിലെ ലീഗ് വിരുദ്ധര്‍ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. സമസ്ത നേതൃത്വത്തിന്റെ അറിവോടെയുള്ള ഈ നീക്കം ശക്തമായതോടെ സംഘടനയിലെ ലീഗ് ചേരിക്ക് നിവൃത്തിയില്ലാതായി. ജിഫ്രിതങ്ങളെ ലീഗ് നേതാവ്എ ആക്ഷേപിച്ചു എന്ന വൈകാരിക പ്രശ്‌നം ഉയര്‍ത്തിയതോടെ സമസ്തയ്കുള്ളില്‍ വീണ്ടും ലീഗ് വിരുദ്ധ നീക്കം ശക്തമായി. സലാമിനെ നീക്കണം അല്ലെങ്കില്‍ പരസ്യമായി തള്ളിപ്പറയണം എന്നാണ് സമസ്തയുടെ ആവശ്യം. സമസ്ത ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടായിരിക്കണം ഇക്കാര്യത്തില്‍ ലീഗിന്റെ അടുത്ത നീക്കം.

Back to top button
error: